Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്ഥാനാർഥികൾ കേൾക്കണം...

സ്ഥാനാർഥികൾ കേൾക്കണം വയനാടിന്റെ മുറവിളി; മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വയനാട് നേരിടുന്നത് നീറുന്ന പ്രശ്നങ്ങൾ

text_fields
bookmark_border
സ്ഥാനാർഥികൾ കേൾക്കണം വയനാടിന്റെ മുറവിളി; മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വയനാട് നേരിടുന്നത് നീറുന്ന പ്രശ്നങ്ങൾ
cancel

കൽപറ്റ: ഓരോ തെരഞ്ഞെടുപ്പുകളും വയനാട്ടുകാർക്ക് വാഗ്ദാനങ്ങൾ വാരിക്കോരി ലഭിക്കുന്ന കാലമാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് പെട്ടിയും തൂക്കി ചുരമിറങ്ങുന്നതോടെ കഴിയും വാഗ്ദാനങ്ങളുടെ ആയുസ്സ്. വയനാടിനൻറെ അടിസ്ഥാന പരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും മാറിവരുന്ന ജനപ്രതിനിധികളോ ഭരണകൂടമോ പലപ്പോഴും വലിയ ആത്മാർഥയൊന്നും കാണിക്കാറില്ലെന്നാണ് പതിറ്റാണ്ടുകളായുള്ള വയനാട്ടുകാരുടെ അനുഭവം. വാഗ്ദാനങ്ങളല്ല, നടപടികളും പരിഹാരങ്ങളുമാണ് വയനാട്ടുകാർക്ക് ആവശ്യം. പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടക്കുന്ന വയനാട്ടുകാരുടെ അടിയന്തിര ആവശ്യങ്ങളോടെങ്കിലും ഇത്തവണ ജയിച്ചു കയറുന്നവരും അധികാരത്തിലേറുന്നവരും ആത്മാർത്ഥ കാണിക്കണമെന്നാണ് വോട്ടമാർരുടെ അപേക്ഷ. കോഴിക്കോട് -കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേർത്ത് 12 ാമത്തെ ജില്ലയായി വയനാട് രൂപവത്കരിച്ച് അര നൂറ്റാണ്ട് തികയാറായെങ്കിലും വികസനത്തിന്റെ കാര്യത്തിൽ ശൈശവത്തിൽ തന്നെയാണ് ജില്ല. മാറിവരുന്ന സർക്കാറുകളുടെ വാഗ്ദാനങ്ങൾ മാത്രമാണ് പലപ്പോഴും ചുരം കയറി എത്തുക. ജില്ലയുടെ ആവശ്യങ്ങളും വികസനങ്ങളും ചർച്ച ചെയ്യപ്പെടട്ടെ ഈ തെരഞ്ഞെടുപ്പ്. വയനാട്ടുകാരുടെ അടിസ്ഥന പ്രശ്നങ്ങളിലൂടെ....

ദുരന്ത ബാധിതരിൽ പലരും ഇന്നും തെരുവിലാണ്

ഉറങ്ങിക്കിടന്ന മനുഷ്യരെ ഉണരും മുമ്പ് ഉരുളെടുത്ത മുണ്ടക്കൈ- ചൂരൽ മല മഹാദുരന്തത്തിന് 20 മാസം പൂർത്തിയാകാറായിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നു പറയുന്നതാവും ശരി. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തിറക്കാൻ പോലും ഭരണകൂടത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ടൗൺഷിപ്പിൽ 173 വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറിയെങ്കിലും പണി പൂർത്തിയാകാത്തത് കാരണം ഒരു വീട്ടിൽ പോലും ഇപ്പോഴും താമസം തുടങ്ങാനായിട്ടില്ല. ടൂറിസ്റ്റുകൾക്കുള്ള ഇടമായി ചുരുങ്ങിരിയിരിക്കുകയാണ് ടൗൺഷിപ്പ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനും സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പട്ടികയിൽ ഇടം പിടിക്കാതെ 173 ദുരന്ത ബാധിതർ ഇനിയും ലിസ്റ്റിൽ ഉൾപെടാനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി തന്നെ പറയുന്നു. 298 മനുഷ്യർ ഉരുളിലമർന്ന ദുരന്ത ബാധിതർക്കായി നിലവിൽ 410 വീടുകൾ ടൗൺഷിപ്പിൽ ഒരുങ്ങുന്നുണ്ട്. 451 പേർ ഗുണഭോക്തൃ ലിസ്റ്റിൽ ഇടം നേടിയതിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയതോടെ പട്ടിക 347 ആയി ചുരുങ്ങി. ലിസ്റ്റിലുള്ളതിനേക്കാളും 63 വീടുകൾ ടൗൺഷിപ്പിൽ അധികമായി നിർമിക്കുന്നുണ്ടെരിക്കെ പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപെടുത്താൻ അധികൃതർ തയ്യാറാവാത്തത് എന്ത് കൊണ്ടാണെന്നാണ് ദുരന്ത ബാധിതർ ചോദിക്കുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ അന്തിമ ലിസ്റ്റ് ഇനി എന്ന് പ്രസിദ്ധീകരിക്കുമെന്ന നിശ്ചയവും ആർക്കുമില്ല. ദുരന്തത്തിൽ ബാക്കിയായവരുടെ ഉപജീവന മാർഗവും കുട്ടികളുടെ പഠനവും ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആശങ്ക ഇപ്പോഴും നിലനിൽകുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാനാവുമ്പോഴാണ് ഇരുളിലമർന്ന ഒരു ജനതയെ ചേർത്തു പിടിച്ചു എന്ന് പറയാനാകൂക.

നാടിറങ്ങുന്ന വന്യമൃഗങ്ങൾ

വയനാട്ടുകാർ ഇന്ന് ഏറ്റവും ഭീതിയിൽ കഴിയുന്നത് വന്യമൃഗങ്ങളെ ഓർത്താണ്. കാടും നാടും വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പലപ്പോഴും വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് മനുഷ്യന് ഭീഷണയാവുകയാണ്. വന്യമൃഗ ശല്യമില്ലാത്ത ഒരു പഞ്ചായത്ത് പോലും ജില്ലയിൽ ഇല്ലെന്ന് പറയുന്നതാവും ശരി. കാട്ടാനകളും കടുവയും പുലിയുമെല്ലാം വയനാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോൾ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുന്നു. ഏഴു വർഷത്തിനിടെ മേപ്പാടി എന്ന പ്രദേശത്ത് മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ട് പേരാണ്. ലക്ഷങ്ങളുടെ കാർഷിക വിളകളാണ് ഒരോ വർഷവും നശിപ്പിക്കുന്നത്.

വന്യ മൃഗശല്യം കാരണം ഹെക്ടർ കണക്കിന് പാടങ്ങളാണ് ജില്ലയിൽ തരിശായി കിടക്കുന്നത്. വളർത്തു മൃഗങ്ങളും ദിനേനെയെന്നോണം കൊല്ലപ്പെടുന്നു. പല സ്ഥലത്തും കിടങ്ങുകളും ഫെൻസിങ്ങുകളും തകർന്നതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുൾപ്പെടെ നിരവധി വീടുകളാണ് വന്യമൃഗങ്ങൾ തകർക്കുന്നത്. പലപ്പോഴും ന്യായമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും നടപടിയുണ്ടാവുന്നില്ല. കോടികൾ ചെലവഴിച്ച് വന്യമൃഗ പ്രതിരോധം ഒരോ വർഷവും നടപ്പിലാക്കുമ്പോഴും വന്യമൃഗ ഭീഷണിക്ക് മാത്രം ഒട്ടും കുറവില്ല.

ചുവപ്പ് നാടയിൽ റെയിൽപാത

ഗതാഗതത്തിന് റോഡ് മാത്രം ആശ്രയിക്കേണ്ട വയനാട്ടുകാരുടെ കാലങ്ങളായുള്ള വലിയൊരു സ്വപ്നമാണ് റെയിൽ പാത. ബ്രിട്ടിഷുകാരുടെ കാലത്ത് നിർദേശിച്ച വയനാട്ടിലൂടെ കടന്നുപോകുന്ന നഞ്ചൻ കോഡ്- നിലമ്പൂർ റെയിൽ പാതക്ക് 1921 ലാണ് ഇന്ത്യൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മുറവിളി മാത്രമാണ് ബാക്കി. 2002 ലെ റെയിൽ വേ ബജറ്റിൽ സർവേക്ക് അംഗീകാരം നൽകുകയും 2016 ൽ ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും എവിടേയുമെത്തിയില്ല. സർക്കാറുകളുടെ കാര്യക്ഷമമല്ലാത്ത ഇടപെടൽ വയനാട്ടുകാരുടെ മോഹങ്ങൾക്ക് ചിറകരിയുകയാണ്.

ചെറുവിമാനത്താവളം

ചെറിയ യാത്രാവിമാനങ്ങള്‍ക്ക് വന്നുപോകാന്‍ ഉതകുന്ന മിനി ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് വയനാട്ടില്‍ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ച കാലങ്ങളായി നടക്കുന്നു. സ്ഥലമേറ്റെടുപ്പ് ഉൾപടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും നാളുകളേറെയായി. എന്നാൽ, എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ പോലും ഇപ്പോഴും വ്യക്തതയായിട്ടില്ല.

വയനാട്ടിനൊപ്പം പരിഗണിച്ച കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഇതിനകം നടപടികൾ പുരോഗമിക്കുന്നു. ചുരത്തിലൂടെയല്ലാതെ ഗതാഗത സൗകര്യങ്ങളില്ലാത്ത ജില്ലയില്‍ അടിയന്തര ഘട്ടങ്ങളിലെ ഉപയോഗവും ടൂറിസം വികസനവും മുന്‍നിര്‍ത്തിയാണ് എയര്‍സ്ട്രിപ് സ്ഥാപിക്കാനുള്ള പദ്ധതി ആവഷ്കരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ഷിഫ്റ്റ് ചെയ്യാനുള്ള സൗകര്യമുൾപ്പടെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പദ്ധതി എന്ന നടപ്പിലാകുമെന്ന് കാര്യത്തിൽ ഒരു ധാരണയുമില്ല.

യാത്രാനിരോധനം

വയനാടിനെ മൈസൂരുമായും ബംഗളൂരുമായും ബന്ധിപ്പിക്കുന്ന ദേശീയ പാതയിൽ മുത്തങ്ങ വഴിയും ബാവലി വഴിയും രാത്രിയാത്രാ നിരോധനം പ്രാബല്യത്തിൽ വന്ന് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. മുത്തങ്ങ വഴി ബന്ധിപ്പൂർ കടുവ സങ്കേതത്തിലൂടെ രാത്രി ഒമ്പതിന്ശേഷവും ബാവലി വഴി വൈകുന്നേരം ആറിന് ശേഷവും യാത്രാവിലക്കേർപ്പെടുത്തിയത് കച്ചവടക്കാരെയും വിദ്യാർഥികളെയും ഉൾപ്പടെ കാര്യമായി ബാധിക്കുകയും ടൂറിസം രംഗത്ത് ഉൾപ്പടെ വലിയ തിരിച്ചടിയാവുകയും ചെയ്തു.

എന്നാൽ കർണാടകയുടേയും വനം വകുപ്പിനൻറെ യും നിലപാട് ഇപ്പോഴും തൽസ്ഥിതി തുടരുന്നതിന് കാരണമാകുന്നു. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉപരിപഠനത്തിന് മൈസൂരു, ബംഗളൂരു നഗരങ്ങളെ യും കർണാകയിലെ മറ്റു പ്രദേശങ്ങളേയും ആശ്രയിക്കുന്നത്. നിരവധി കച്ചവടക്കാരും ഈ ഭാഗങ്ങളിൽ ഉണ്ട്.

ഗോത്ര വിഭാഗങ്ങളും മനുഷ്യരാണ്

ജില്ലിയിലെ ഏറ്റവും പ്രബല വിഭാഗമായ ആദിവാസികൾ പലപ്പോഴും വോട്ട് ബാങ്ക് മാത്രമാണ്. വീടും വിദ്യാഭ്യാസവും അവകാശങ്ങളും ഈ വിഭാഗത്തിന് പലപ്പോഴും വാഗാദനം മാത്രമായി ചുരുങ്ങും. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു വിഭാഗത്തെ കൈപിടിച്ചുയർത്തുന്നതിന് പദ്ധതികളും കോടികളും വർഷാ വർഷം പ്രഖ്യാപിക്കുമെങ്കിലും ഒന്നും എവിടേയും എത്തുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച ഭൂസമരം ഇപ്പോഴും തുടരുന്നത് വലിയ ഉദാഹരണം. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നിരവധി വീടുകളാണ് നിർമ്മാണത്തിന്റെ പാതിയിൽ ഇപ്പോഴുമുള്ളത്. നിർമിച്ചവയിൽ അപാകത കാരണം വാസയോഗ്യവുമല്ലാത്ത വീടുകളും നിരവധി.

സഞ്ചാര യോഗ്യമല്ലാത്ത വഴികളും ചോർന്നൊലിക്കുന്ന കോൺക്രീറ്റ് വീടുകളും ഉന്നതികളിലെ നിത്യ കാഴ്ചകളാണ്. വിദ്യാഭ്യാസത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാൻ കാല താമസം നേരിടുന്നത് കാരണം പല വിദ്യാർഥികളും പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്നു.

കുടകിലും മറ്റും ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങളും നിരവധി. നിരവധി പരാതികൾ ഉയർന്നിട്ടും ഇതിനെ കുറിച്ച് അന്വേഷിക്കാൻ പോലും സർക്കാറിനോ ഭരണകൂടത്തിനോ വലിയ താൽപര്യമില്ല. ആദിവാസി വിഭാഗത്തെ എന്നും ചൂഷക വർഗമായി നിർത്തുന്നതിനാണ് ബന്ധപ്പെട്ടവർക്ക് താത്പര്യം

വയനാടിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ടേ

വയനാട്ടിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് മറ്റു സംസ്ഥാനങ്ങളിലോ മറ്റു ജില്ലയിലോ വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്. ഒരു എൻജിനീയറിങ് കോളജ് മാറ്റി നിർത്തിയാൽ ദയനീയമാണ് വയനാടിനൻറെ വിദ്യാഭ്യാസ മുന്നേറ്റം. സിവിൽ സർവീസിൽ പോലും വയനാട്ടിലെ വിദ്യാർഥികൾ വലിയ മുന്നേറ്റമുണ്ടാക്കുകയും മിഠുക്കരാകുകയും ചെയ്യുമ്പോൾ അവർക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരുന്നതിൽ ജനപ്രതിനിധികൾ പോലും വലിയ താത്പര്യം കാണിക്കുന്നില്ല. വയനാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ഇത്തവണ 50 സീറ്റ് അനുവദിച്ചെങ്കിലും കുട്ടികൾ എവിടെ നോക്കി, എവിടെ ഇരുന്ന്, എങ്ങനെ പഠിക്കണമെന്ന് വ്യക്തമാക്കേണ്ടത് അതിന് സൗകര്യം ചെയ്തു കൊടുക്കേണ്ട സർക്കാറാണ്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഒരു ഗവൺമന്റെ് കോളജ് പോലുമില്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബത്തേരിയിൽ ആർട്സ് ആന്റ് സയൻസ് കോളജ് പ്രഖ്യാപിച്ചിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനം ഫയലിൽ സുഖനിദ്രയിലായിരുന്നു. 2023-24 വർഷത്തിൽ കോളജ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനും 30 കോടി വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

10 വർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി വിഭാഗത്തിനൻറെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിലെ പ്രധാന പ്രമേയം പോലും ബത്തേരി ഗവ. കോളജിന് വേണ്ടിയായിരുന്നു. ജില്ലയിൽ ഏതാനും സ്വാശ്രയ കോളജുകൾ ഉണ്ടെങ്കിലും ഉയർന്ന് ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തിക ശേഷി പലർക്കുമില്ല. പ്ലസ് വൺ സീറ്റുകളുടെ അപര്യാപത ജില്ലയെ എല്ലാ വർഷവും പ്രതിസന്ധിയിലാക്കുന്നു. പ്രഫഷണൽ കോളജുകൾ പേരിന് മാത്രമാണ് വയനാട്ടിൽ.

ചുരവും ബദൽ പാതയും

ഗതാഗതത്തിന് വയനാട്ടുകാരുട ഏക ആശ്രയം റോഡ് ഗതാഗതം മാത്രമാണ്. റെയിൽവേയോ വിമാനത്താവളമോ ഇല്ലാത്ത വയനാടിനെ ഗതാഗത സൗകര്യങ്ങളുടെ അഭാവം കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്നു. മൂന്ന് ഭാഗത്തു നിന്നും ചുരം കയറിവേണം വയനാട്ടിലെത്താൻ. നാല് വർഷം മുമ്പുള്ള പ്രളയ സമയത്ത് ചുരങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചപ്പോൾ ദിവസങ്ങളോളം വയനാട് ഒറ്റപ്പെട്ടത് ഇന്നും നടുക്കുന്ന ഓർമകളാണ്.

കഴിഞ്ഞ മഴക്കാലത്ത് ചുരത്തിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ദിവസങ്ങൾ ജില്ല ഒറ്റപ്പെട്ട സംഭവവും അടുത്തിടെയാണ് ഉണ്ടായത്. ചില ദിവസങ്ങളിൽ പ്രത്യേകിച്ച് അവധിക്കാലത്ത് ദാഹജലം പോലും ലഭിക്കാതെ, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ മണിക്കൂറുകളാണ് നൂറ് കണക്കിനാളുകൾ ചുരത്തിൽ പലപ്പോഴും കുടുങ്ങുന്നത്. വയനാട് ചുരത്തിനു ബദൽപാതകളെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടയിൽ വിശ്രമത്തിലാണ്.

പടിഞ്ഞാറത്തറ - പൂഴിത്തോട്- പെരുവണ്ണാമൂഴി, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ, മേപ്പാടി - അട്ടമല- നിലമ്പൂർ, കുഞ്ഞോം-വിലങ്ങാട്, ആനക്കാംപൊയിൽ- കള്ളാടി-തുരങ്കപ്പാത എന്നിവയെല്ലാം വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ബദൽ പാതകളാണ്. കള്ളാടി തുരങ്കപാതയാണ് ഇപ്പോൾ സർക്കാറിനൻറെ മുന്നിലുള്ള പ്രധാന പരിഗണന. മറ്റു ബദൽ പാതകളുടെ കാര്യത്തിൽ പ്രാരംഭ പ്രവർത്തനങ്ങളല്ലാതെ തുടർനടപടികൾ തുലാസിലാണ്.

വ​യ​നാ​ട് ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് (ഫ​യ​ൽ ചി​ത്രം)

പേരിലൊരു മെഡിക്കൽ കോളജ്

വയനാട് മെഡിക്കൽ പേര് മാത്രമാണിന്ന വയനാട്ടുകാർക്ക്. റഫർ ചെയ്യാൻ വേണ്ടി മാത്രമുള്ള മെഡിക്കൽ കോളജായി പലപ്പോഴും ചുരുങ്ങുന്ന കാഴ്ചയാണ് ദിനേനെ കണ്ടുകൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതു മുതൽ മതിയായ ചികിൽസ ലഭിക്കാതെ കിതക്കുന്നത് മെഡിക്കൽ കോളജ് തന്നെയാണ്.

യു.ഡി.എഫ് സർക്കാറിനൻറെ കാലത്ത് കൽപറ്റ പുളിയാർമലയിൽ മെഡിക്കൽ കോളജ് തറക്കില്ലിട്ടെങ്കിലും തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒന്നാം എൽ.ഡി.എഫ് സർക്കാറിനൻറെ അവസാനത്തിൽ മെഡിക്കൽ കോളജ് ഉദ്ഘാടനം നടത്തിയെങ്കിലും ബോർഡിൽ മാത്രമായി എല്ലാം ചുരുങ്ങുകയായിരുന്നു. അമ്പുകുത്തിയിൽ സ്ഥലം ഏറ്റെടുത്തെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പുകയുന്നുണ്ട്. ചികിത്സാ പിഴവുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. വയനാട് ചുരം കയറാൻ മടിക്കുന്ന സ്പെഷാലിറ്റി ഡോക്ടർമാരും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്

കർഷകർ ആത്മഹത്യുടെ വക്കിലാണ്

പതിറ്റാണ്ടുകളായി കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് വയനാട്ടുകാർ ഭൂരിപക്ഷവും. പലരും , കാർഷിക മേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണം അടുത്ത കാലത്ത് വർധിച്ചികൊണ്ടിരിക്കുന്നു. വിലതകർച്ചയും വിള നാശവും കർഷകരുടെ ശാപമായി മാറി.

നെല്ലറകളുടെ നാടായിരുന്ന ജില്ലയിൽ പലരും നെൽകൃഷി ഉപേക്ഷിച്ചു. കുരുമുളകും കവുങ്ങും കീട ബാധ കാരണം നശിച്ചു. വന്യമൃഗശല്യം കാരണം രാത്രി തോട്ടങ്ങളിൽ കാവലിരിക്കുന്ന കർഷകന് ഇതെല്ലാം തിരിച്ചടിയായി മാറി. ബാങ്ക് വായ്പടെയുത്ത്് കൃഷി നടത്തിയവർ കാലവസ്ഥാ വ്യതിയാനവും മറ്റും കാരണം കൃഷി നശിക്കുകയോ ന്യായമായ വില ലഭിക്കാത്തത് കാരണം മുടക്കുമുതൽ പോലും ലഭിക്കാതിരിക്കുകയോ ചെയ്യുന്നത് കാരണം ആത്മഹത്യയുടെ വക്കിലാണ്. അതിനിടെയാണ് ജില്ലയിലെ നൂറ് കണക്കിന് കർഷകർക്ക് ബാങ്ക് വക ജപ്തി നോട്ടീസും.

കുരുമുളകിനൻറെ ശക്തിയില്‍ ഉയര്‍ന്നു വന്ന പുൽപള്ളി ഉൾപ്പടെയുള്ള ഗ്രാമങ്ങള്‍ പലതും ഇന്ന് സാമ്പത്തികമായി ക്ഷയിച്ചു. സീസൺ സമയങ്ങളിൽ പോലും കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നുമില്ല. കർഷകരെ സഹായിക്കുന്നതിന് സർക്കാർ പദ്ധതികളൊന്നും കാര്യമായി ഉണ്ടാവുന്നില്ല. നെല്ല് സംഭണം പോലും പലപ്പോഴും പ്രഹസനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsWayanad NewsLegislative Assembly ElectionLatest News
News Summary - Wayanad faces pressing issues as assembly elections approach
Next Story