ഓണാവധിധിയെത്തി; പരിഹാരമാകാതെ ചുരംയാത്ര
text_fieldsകൽപറ്റ:ഓണാവധിയെത്തിയിട്ടും പരിഹാരമാകാതെ വയനാട് ചുരംയാത്ര. ദേശീയപാതയായ വയനാട് ചുരത്തിലൂടെയുള്ള യാത്ര ക്ലേശകരമാകുമോയെന്ന ആശങ്കയിലാണ് വയനാട്ടുകാർ. നിലവിൽ ചുരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പാറയും കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞ് രണ്ടുദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വ്യൂ പോയന്റിൽ മഴ ശക്തമായാൽ വീണ്ടും ഗതാഗത നിയന്ത്രണം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഓണവധിയിൽ വാഹനങ്ങൾ കൂടുതലായി ചുരം കയറുമ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമാകും. ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനാൽ മണിക്കൂറുകളാണ് ചുരത്തിൽ കുടുങ്ങുക. മുകളിൽനിന്ന് ഉരുണ്ടുവീഴുന്ന മണ്ണോ പാറക്കഷണമോ യന്ത്രതകരാറാകുന്ന വാഹനങ്ങളോ അപകടമോ ചുരം കയറുകയും ഇറങ്ങുകകയും ചെയ്യുന്നവരുടെ യാത്ര മുടക്കുമോ എന്നതാണ് ആശങ്ക.
ഓണാവധിയായതിനാൽ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നുണ്ട്. ചുരം യാത്രാ പ്രശ്നത്തിന് പരിഹാരണം വേണമെന്ന വയനാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഗൗരവമായി എടുത്തിട്ടില്ല.
ചുരത്തിന്റെ അവകാശം കോഴിക്കോട് ജില്ല ഭരണകൂടുത്തിനാണെങ്കിലും പാതയുടെ ഗുണഭോക്താക്കൾ വയനാട്ടുകാരാണ്. ജനപ്രതിനിധികളുടെ അവഗണനയാണ് ചുരത്തിലെ ദുരിതങ്ങൾ സങ്കീർണമാക്കുകയാണെന്നാണ് വയനാട്ടുകാരുടെ ആരോപണം. വയനാടിന്റെ ടൂറിസം, കാർഷിക ഉൽപന്നങ്ങളുടെ വിപണനം, നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എന്നിവയെല്ലാം ചുരം വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്.
ചുരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായ വാഹനങ്ങൾ തകരാറിലാകുന്നത് വേഗത്തിൽ പരിഹരിക്കാൻ ലക്കിടിയിലും താഴെ അടിവാരത്തും റിക്കവറി ക്രെയിനുകൾ സ്ഥാപിക്കുമെന്ന് സർക്കാർ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. അവധി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്കുള്ള നിയന്ത്രണം പലതവണ ഏർപെടുത്തിയെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുന്ന അവസ്ഥയാണ്. തുരങ്ക പാതയുടെ നിർമാണത്തിന് തറക്കില്ലിട്ടെങ്കിലും പാതകളുടെ കാര്യത്തിൽ സർക്കാർ മൗനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

