Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wayanad
cancel

കൽപറ്റ: കേരളത്തിനൊപ്പം ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന വയനാട് ജില്ല രൂപവത്കരിച്ചിട്ട് 42 വർഷം പിന്നിടുമ്പോഴും അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അകലെ. സംസ്ഥാനത്തെ 12ാമത്തെ ജില്ലയായി 1980ൽ രൂപംകൊണ്ട വയനാടിന് യുവത്വത്തിലും ബാലാരിഷ്ടതകൾ ഏറെയാണ്. വയനാടിനായി സര്‍ക്കാരുകള്‍ കൊട്ടിഘോഷിച്ച പദ്ധതികളിൽ പ്രഖ്യാപനത്തിലൊതുങ്ങിയവയും തറക്കല്ലില്‍ നിന്നുപോയതും നിരവധിയാണ്. വയനാട്ടുകാർക്ക് ഉപകാരപ്പെടാതെ പോയ പദ്ധതികളുമുണ്ട് ഇവയിൽ.
കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയാണ് ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കി. മീറ്ററാണ്. ഇതിൽ 38 ശതമാനവും വനമാണെന്ന് കണക്കാക്കുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ തന്ത്രപ്രധാനമാണ് ഭൂപ്രദേശം. കൃഷിക്കും വാണിജ്യത്തിനുമെല്ലാം ഇരു സംസ്ഥാനങ്ങളെയും ജില്ലയിലുള്ളവർ ആശ്രയിക്കുന്നു.

വയനാട്ടിലെ മൂന്നു താലൂക്കുകളായ സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി പ്രദേശങ്ങളിൽ വിവിധ വികസന പദ്ധതികൾ വന്നിട്ടുണ്ട്. വികസന കാര്യത്തിൽ കുറേയൊക്കെ മുന്നോട്ടുപോയെങ്കിലും ജില്ലയിൽ പരാതികളും പരിദേവനങ്ങളുമാണ് ബാക്കി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഗതാഗതം തുടങ്ങി സകല മേഖലകളിലും പ്രകൃതിയാല്‍ അനുഗ്രഹീതമായ വയനാട് ഇന്നും സംസ്ഥാനത്തെ മറ്റു ജില്ലകളേക്കാള്‍ ഏറെ പിന്നിലാണ്. പ്രധാന തൊഴില്‍ മേഖലയായ തേയില തോട്ടങ്ങളിലെ തൊഴിലാളികൾ തുച്ഛവരുമാനക്കാരായി ജീവിതം തള്ളിനീക്കുന്നു. ആദിവാസികളും ദുരിതത്തിലാണ്.

എന്ന് യാഥാർഥ്യമാവും മെഡിക്കൽ കോളജ്?

വർഷങ്ങൾ നീണ്ട മുറവിളിക്കൊടുവിലാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2015 ജൂലൈ 12ന് മടക്കിമലയിൽ മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ മടക്കിമലയിലെ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവിടെ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

ശേഷം ചുണ്ടേലിൽ മെഡിക്കൽ കോളജിനായി ഭൂമി കണ്ടെത്തി. ഈ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നുവെന്ന അറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.

ആ ശ്രമവും പാളിയതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മാനന്തവാടിയിലെ ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി പ്രഖ്യാപിച്ചത്.

പിന്നീട് മെഡിക്കൽ കോളജ് നിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിലാണ് കണ്ണൂർ അതിർത്തിയോട് ചേർന്ന ബോയ്സ് ടൗണിലാണ് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതെന്ന പ്രഖ്യാപനം ഉണ്ടായത്. ജില്ലയിലെ ഭൂരിഭാഗം ആളുകൾക്കും പ്രാപ്യമായ സ്ഥലത്ത് മെഡിക്കൽ കോളജ് നിർമിക്കണമെന്ന ആവശ്യങ്ങൾക്കിടെയായിരുന്നു ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള തീരുമാനം.

മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ തന്നെ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലും എവിടെ സ്ഥാപിക്കണം എന്നതിനെച്ചൊല്ലിയുള്ള കടുത്ത വാഗ്വാദങ്ങളും അവകാശവാദങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.

ജി​ല്ല ആ​ശു​പ​​ത്രി​യി​ൽ സ്ഥാ​പി​ച്ച വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ബോ​ർ​ഡ്

ജില്ല ആശുപത്രിയില്‍ തന്നെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും പ്രഖ്യാപിച്ച് ഒ.ആര്‍ കേളു എം.എല്‍.എ രംഗത്തെത്തിയിരുന്നു.

ജില്ല ആശുപത്രി തിരിച്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയും തദ്ദേശ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. ബോര്‍ഡില്‍ മാത്രം മെഡിക്കല്‍ കോളജായ ജില്ല ആശുപത്രിയില്‍ നിന്നടക്കം പാതി ജീവനകളുമായുള്ള ആംബുലന്‍സുകളുടെ ചുരമിറക്കം ഇപ്പോഴും തുടരുകയാണ്. മികച്ച ചികിത്സ സൗകര്യം വയനാട്ടുകാർക്ക് എപ്പോൾ ലഭ്യമാവുമെന്ന കാര്യത്തിൽ 42 വർഷമായി അനിശ്ചിതത്വം തുടരുകയാണ്.

രാത്രിയാത്ര വിലക്ക് തുടരുന്നു

കോഴിക്കോടുനിന്ന് കൽപറ്റ, സുൽത്താൻ ബത്തേരി വഴി കർണാടകയിലേക്കുള്ള ദേശീയപാതയിലെ രാത്രിയാത്ര വിലക്ക് തുടരുകയാണ്. ദേശീയപാത സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഓർമകൾ മാത്രമാണിപ്പോൾ ബാക്കി.

പരിഹാരം ഇപ്പോഴും അകലെയാണ്. വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളൊന്നും ഈ 42 വർഷത്തിനിടയിൽ ചുരംകയറി വന്നിട്ടില്ല. വിനോദസഞ്ചാര മേഖലയിൽ പ്രതീക്ഷകളുണ്ട്. എന്നാൽ, സഞ്ചാരികൾ വന്നുതുടങ്ങിയതോടെ വനവും മലനിരകളും മാലിന്യക്കൂമ്പാരങ്ങളായി മാറുന്നുണ്ട്.

ശാസ്ത്രീയമായ മാലിന്യ സംസ്കരണം വയനാട് നേരിടുന്ന വെല്ലുവിളിയാണ്. പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്കരണ രംഗത്ത് ഇന്നും പിന്നിലാണ്.

ശമനമില്ലാതെ വന്യമൃഗ ശല്യം

ദിനംപ്രതി വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന്റെ ഭീതിയിലാണ് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. വന്യമൃഗശല്യമില്ലാത്ത പ്രദേശങ്ങൾ കുറവാണ്. കുറഞ്ഞത് കുരങ്ങുകളെങ്കിലും ശല്യക്കാരായുള്ള പ്രദേശങ്ങളാണ് അധികവും.

അശാസ്ത്രീയമായ വന സംരക്ഷണവും അതിര്‍ത്തി പരിപാലനവും കര്‍ഷകര്‍ക്കടക്കം ഭീഷണിയാവുകയാണ്. കാടിറങ്ങി നാട്ടിലേക്ക് വരുന്ന വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. നാട്ടിൽ ഭീതിവിതച്ച് അവസാനം കൂട്ടിലായ മൂന്ന് കടുവകൾ ഇപ്പോൾ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലുണ്ട്. ചീരാലുകാർക്ക് താത്കാലിക ആശ്വാസമായെങ്കിലും കൃഷ്ണഗിരിയിലും പരിസര പ്രദേശങ്ങളും കടുവ ഭീതിയിലാണ്.



നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട വയനാടിന് കാട്ടാനകളും കടുവകളും പുലികളും പന്നികളുമെല്ലാം ഭീഷണി സൃഷ്ടിക്കുകയാണ്. കൃഷിയിടങ്ങള്‍ക്ക് പുറമെ മനുഷ്യ ജീവനും ഭീഷണിയുള്ള സാഹചര്യമാണ് നിലവില്‍. പുല്‍പള്ളി, തിരുനെല്ലി, കാട്ടിക്കുളം, ചെതലയം, മുത്തങ്ങ, പനവല്ലി, ഓടത്തോട്, മേപ്പാടി തുടങ്ങി കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പ്രശ്‌നം രൂക്ഷമാണ്.

സ്വതന്ത്ര കർഷക സംഘടനകളാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. തദ്ദേശസ്ഥാപനങ്ങളും ജില്ല ഭരണകൂടവും വന്യമൃഗശല്യം പോലുള്ള പ്രാദേശിക വിഷയങ്ങളിൽ നിന്ന്, പ്രശ്നപരിഹാരം തേടാതെ ഒഴിഞ്ഞുമാറുകയാണ്. 38 ശതമാനം വനമുള്ള ജില്ലയിൽ വന്യജീവിശല്യം പരിഹരിക്കാൻ യാഥാർഥ്യ ബോധത്തോടെയുള്ള പ്രായോഗിക നടപടികളാണ് ആവശ്യം.

സ്വപ്നമായി റെയിൽവേ

മലബാർ മേഖലയിൽ റെയിൽ പാത ഇല്ലാത്ത ഏക ജില്ലയാണിത്. റെയിൽപാതക്കുള്ള പ്രക്ഷോഭങ്ങളും കാത്തിരിപ്പും തുടരുകയാണ്. രണ്ട് റെയില്‍ ലൈനുകളാണ് വയനാട്ടിലൂടെ സര്‍ക്കാരുകള്‍ വിഭാവനം ചെയ്തത്. നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ പാതയും മൈസുരു-തലശ്ശേരി പാതയും. എല്ലാം ഇന്നും ചര്‍ച്ചകളായി തുടരുകയാണ്.

1882ലാണ് നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍പാതയെ കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുന്നത്. മൈസുരു പ്രജാ സഭയില്‍ ബ്രിട്ടീഷുകാരാണ് ചരക്ക് നീക്കത്തിനുള്ള ഏറ്റവും എളുപ്പമേറിയ ഇടനാഴിയായി ഈ റെയില്‍പാതയെ അവതരിപ്പിച്ചത്.

140 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും ആ ചര്‍ച്ചകള്‍ തുടരുകയാണെന്ന് മാത്രം. റെയില്‍വേക്കായി രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് 2011ലെ യു.ഡി.എഫ് സര്‍ക്കാര്‍ പാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കാനുള്ള നടപടികള്‍ കൈകൊണ്ടതാണ് ഈ പാതയുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ മുന്നേറ്റം. ഡി.എം.ആര്‍.സിയെ ഇതിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പിന്നാലെ കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്റെ പിങ്ക് ബുക്കിലും ഈ പാത ഇടംനേടി. ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിക്ക് സര്‍ക്കാര്‍ എട്ടു കോടി രൂപ വകയിരുത്തുന്നു. അതില്‍ രണ്ട് കോടി ആദ്യഘട്ടമെന്ന നിലയില്‍ അനുവദിക്കാനുള്ള തീരുമാനവും എടുത്തു.

ഡി.എം.ആര്‍.സി തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയിലേക്കും കാലെടുത്തു വെച്ചപ്പോൾ വയനാട്ടുകാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ തുടര്‍ന്ന് വന്ന സര്‍ക്കാര്‍ എല്ലാം തകിടം മറിച്ചു. ഡി.എം.ആര്‍.സിക്ക് പണം കൈമാറിയില്ല. ഇതോടെ കുറച്ചുകാലം കാത്തുനിന്ന അവര്‍ പ്രവര്‍ത്തനം മതിയാക്കി.

പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഉയര്‍ന്നെങ്കിലും അതിനൊന്നും അധികൃതര്‍ ചെവി കൊടുത്തില്ല. മൈസുരു-മാനന്തവാടി-തലശ്ശേരി പാതയുടെ ഡി.പി.ആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയപ്പോൾ പാത ഗുണകരമാവില്ലെന്ന് ഒരു വിഭാഗവും ഇതാണ് യഥാര്‍ഥ പാതയെന്ന് പ്രഖ്യാപിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തി.

ഇവിടെയും പ്രാദേശിക വാദങ്ങൾ ഉയർന്നുതുടങ്ങുകയായിരുന്നു. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് രണ്ട് പാതകളും കൂട്ടിക്കെട്ടി പുതിയ റെയില്‍വേ സ്വപ്നം വയനാട്ടുകാര്‍ക്ക് മുന്നിലേക്ക് സര്‍ക്കാര്‍ ഇട്ടുകൊടുത്തു. ഷൊര്‍ണൂര്‍ ജങ്ഷൻ പോലെ കേണിച്ചിറയില്‍ റയില്‍വേ ജങ്ഷൻ എന്നതിലേക്ക് വരെയെത്തി പ്രതീക്ഷകൾ. കല്‍പറ്റയില്‍ വരെ സര്‍വേ പ്രവര്‍ത്തനങ്ങളുമായി ഉദ്യോഗസ്ഥരെത്തി.

കെ-റെയില്‍ അധികൃതര്‍ വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഏരിയല്‍ സര്‍വേ നടത്തി. കര്‍ണാടകയുടെ അനുമതിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകാനാവാതെ മുടങ്ങി.

ജലസേചന പദ്ധതികള്‍ കടലാസിൽ

കബനി നദിയില്‍ നിന്ന് കേരളത്തിന് അനുവദിക്കപ്പെട്ട വെള്ളം സംഭരിച്ച് വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുത്തുക എന്നതടക്കമുള്ള ലക്ഷ്യങ്ങളുമായാണ് ജില്ലയിലെ രണ്ട് ജലസേചന പദ്ധതികളുടെയും തുടക്കം. എന്നാല്‍ ഇന്നും ഈ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാന്‍ ഇവക്കായിട്ടില്ല.

ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ ഡാം എന്നിവ പണം വിഴുങ്ങുന്ന പദ്ധതികളായി മാറുകയാണ്. ബാണാസുരയില്‍ നിന്ന് കെ.എസ്.ഇ.ബി വരുമാനമുണ്ടാക്കുന്നത് കക്കയം അണക്കെട്ടിലേക്ക് വെള്ളമെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചും അണക്കെട്ടില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചുമാണ്. എന്നാല്‍ ബാണാസുര ഭീതി വിതക്കുന്ന അഞ്ച് പഞ്ചായത്തുകളെ കുറിച്ച് ഇവര്‍ക്ക് ചിന്തയില്ല.

മഴക്കാലത്ത് ഉറക്കം കെടുത്തുന്ന ജലബോംബാണ് ഈ ഗ്രാമീണർക്ക് ബാണാസുര. ഡാമില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് ജലസേചനം നടത്താന്‍ നിർമിച്ച കനാലുകള്‍ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി.

ഒരു തുള്ളി വെള്ളം പോലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പദ്ധതിയിലൂടെ ലഭിച്ചിട്ടില്ല. പടിഞ്ഞാറത്തറ-പൊഴുതന റോഡില്‍ കാപ്പുണ്ടിക്കലില്‍ റോഡിന്റെ ഇരുവശത്തുമായി കനാല്‍ കടന്നുപോകാനായി തീര്‍ത്ത ഭീമന്‍ ഭീമുകള്‍ ഇന്ന് അനാഥമായി കിടക്കുകയാണ്.

അഞ്ച് കോടി രൂപ അടങ്കലില്‍ 44 വര്‍ഷം മുമ്പ് തുടങ്ങി 500 കോടി ചിലവഴിച്ചിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാത്ത പദ്ധതിയാണ് വയനാട്ടുകാര്‍ക്ക് കാരാപ്പുഴ ഡാം. നൂറുകണക്കിന് ഏക്കര്‍ നെല്‍വയല്‍ വെള്ളത്തിലാക്കിയതും ആദിവാസികളെയും കര്‍ഷകരെയും തെരുവാധാരമാക്കിയതുമല്ലാതെ ഒരു ഹെക്ടര്‍ കൃഷി ഭൂമിക്ക് പോലും വെള്ളം നല്‍കാന്‍ കാരാപ്പുഴക്കും കഴിഞ്ഞിട്ടില്ല.

കൃഷിയിടങ്ങളിലേക്കും മറ്റും ജലസേചനമെന്നതായിരുന്നു പരമപ്രധാന ലക്ഷ്യം. എന്നാല്‍ ജലസേചന വകുപ്പിന് കീഴിലുള്ള ഡാമില്‍ ഇപ്പോൾ നടക്കുന്നത് വിനോദ സഞ്ചാരം മാത്രമാണ്. കാരാപ്പുഴയില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് ജലസേചനം നടത്താന്‍ നിര്‍മിച്ച കനാലുകളുടെ അവസ്ഥയും മറിച്ചല്ല.

കനാല്‍ നിർമാണം പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നതാണ് ആശ്വാസം. വെള്ളത്തിന് പകരം നിലവില്‍ ഇവയിലുള്ളതും കാടും പടലവുമാണ്. തെരുവ് നായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയ കനാലുകള്‍ നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഇത് വര്‍ഷാവര്‍ഷം ശുദ്ധീകരിക്കുകയെന്നത് പഞ്ചായത്തുകള്‍ക്കും ബാധ്യതയാണ്.

ജലസേചന പദ്ധതികള്‍ കടലാസിൽ

ബാ​ണാ​സു​ര ഡാം ​ജ​ല​സം​ഭ​ര​ണി​യു​ടെ ദൃ​ശ്യം


കബനി നദിയില്‍ നിന്ന് കേരളത്തിന് അനുവദിക്കപ്പെട്ട വെള്ളം സംഭരിച്ച് വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുത്തുക എന്നതടക്കമുള്ള ലക്ഷ്യങ്ങളുമായാണ് ജില്ലയിലെ രണ്ട് ജലസേചന പദ്ധതികളുടെയും തുടക്കം. എന്നാല്‍ ഇന്നും ഈ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാന്‍ ഇവക്കായിട്ടില്ല.

ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ ഡാം എന്നിവ പണം വിഴുങ്ങുന്ന പദ്ധതികളായി മാറുകയാണ്. ബാണാസുരയില്‍ നിന്ന് കെ.എസ്.ഇ.ബി വരുമാനമുണ്ടാക്കുന്നത് കക്കയം അണക്കെട്ടിലേക്ക് വെള്ളമെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചും അണക്കെട്ടില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചുമാണ്.

എന്നാല്‍ ബാണാസുര ഭീതി വിതക്കുന്ന അഞ്ച് പഞ്ചായത്തുകളെ കുറിച്ച് ഇവര്‍ക്ക് ചിന്തയില്ല. മഴക്കാലത്ത് ഉറക്കം കെടുത്തുന്ന ജലബോംബാണ് ഈ ഗ്രാമീണർക്ക് ബാണാസുര. ഡാമില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് ജലസേചനം നടത്താന്‍ നിർമിച്ച കനാലുകള്‍ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി.

ഒരു തുള്ളി വെള്ളം പോലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പദ്ധതിയിലൂടെ ലഭിച്ചിട്ടില്ല. പടിഞ്ഞാറത്തറ-പൊഴുതന റോഡില്‍ കാപ്പുണ്ടിക്കലില്‍ റോഡിന്റെ ഇരുവശത്തുമായി കനാല്‍ കടന്നുപോകാനായി തീര്‍ത്ത ഭീമന്‍ ഭീമുകള്‍ ഇന്ന് അനാഥമായി കിടക്കുകയാണ്.

അഞ്ച് കോടി രൂപ അടങ്കലില്‍ 44 വര്‍ഷം മുമ്പ് തുടങ്ങി 500 കോടി ചിലവഴിച്ചിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാത്ത പദ്ധതിയാണ് വയനാട്ടുകാര്‍ക്ക് കാരാപ്പുഴ ഡാം. നൂറുകണക്കിന് ഏക്കര്‍ നെല്‍വയല്‍ വെള്ളത്തിലാക്കിയതും ആദിവാസികളെയും കര്‍ഷകരെയും തെരുവാധാരമാക്കിയതുമല്ലാതെ ഒരു ഹെക്ടര്‍ കൃഷി ഭൂമിക്ക് പോലും വെള്ളം നല്‍കാന്‍ കാരാപ്പുഴക്കും കഴിഞ്ഞിട്ടില്ല.

കൃഷിയിടങ്ങളിലേക്കും മറ്റും ജലസേചനമെന്നതായിരുന്നു പരമപ്രധാന ലക്ഷ്യം. എന്നാല്‍ ജലസേചന വകുപ്പിന് കീഴിലുള്ള ഡാമില്‍ ഇപ്പോൾ നടക്കുന്നത് വിനോദ സഞ്ചാരം മാത്രമാണ്. കാരാപ്പുഴയില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് ജലസേചനം നടത്താന്‍ നിര്‍മിച്ച കനാലുകളുടെ അവസ്ഥയും മറിച്ചല്ല. കനാല്‍ നിർമാണം പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നതാണ് ആശ്വാസം.

വെള്ളത്തിന് പകരം നിലവില്‍ ഇവയിലുള്ളതും കാടും പടലവുമാണ്. തെരുവ് നായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയ കനാലുകള്‍ നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഇത് വര്‍ഷാവര്‍ഷം ശുദ്ധീകരിക്കുകയെന്നത് പഞ്ചായത്തുകള്‍ക്കും ബാധ്യതയാണ്.

വഴിതുറക്കാതെ ബദൽപാത

ചുരങ്ങളാല്‍ വളയപ്പെട്ട വയനാട്ടുകാര്‍ക്ക് നാടിറങ്ങാന്‍ മറ്റൊരു മാര്‍ഗമെന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യങ്ങളിലൊന്നാണ്. നിരവധി പാതകളുടെ പ്രഖ്യാപനങ്ങൾ ഇപ്പോഴും അതുപോലെ നിലനിൽക്കുകയാണ്. ഒരു റോഡ് തറക്കല്ലിട്ട് പ്രവൃത്തി ആരംഭിച്ചെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാതെ അവസാനിച്ചു.

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്, ചിപ്പിലിത്തോട്-മരുതിലാവ് -തളിപ്പുഴ, മേപ്പാടി-മുണ്ടക്കൈ-നിലമ്പൂര്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത, കുഞ്ഞോം-വിലങ്ങാട്, തലപ്പുഴ 44-അമ്പായത്തോട് റോഡ് അങ്ങിനെ നീളുകയാണ് വയനാടിന്റെ ബദല്‍പാതകള്‍.

ഇവക്കെല്ലാം പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ ജില്ലയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നേ നടപ്പാകേണ്ട പദ്ധതികളാണ് ഇവയെല്ലാം. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാത പദ്ധതിക്ക് ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

ആദിവാസികൾക്ക് ദുരിത ജീവിതം

പണിയരും നായ്ക്കരും മറ്റും അടങ്ങുന്ന ഗോത്രസമൂഹത്തിന്റെ കണ്ണീർചാലുകൾ വയനാടിന്റെ മുക്കിലും മൂലയിലും കാണാം. ഭൂമിക്കും വീടിനും വേണ്ടിയുള്ള അവരുടെ മുറവിളി അവസാനിക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആദിവാസികൾ ഇപ്പോഴും ഭൂമിക്കായുള്ള സമരത്തിലാണ്. മരിയനാട് ഭൂസമരം അഞ്ച് മാസം പിന്നിടുകയാണ്. ഇപ്പോഴും പരിഹാരം അകലെയാണെന്നത് ആദിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു.

  • വയനാട് ജില്ല നിലവില്‍ വന്നത്: 1980 നവംബര്‍ ഒന്ന്
  • വിസ്തീര്‍ണം: 2131 ചതുരശ്രകിലോമീറ്റര്‍
  • ജനസംഖ്യ: 817,420 (2011 സെന്‍സസ് പ്രകാരം)
  • പുരുഷന്മാര്‍: 401,684
  • സ്ത്രീകള്‍: 415,736
  • സാക്ഷരത: 89.03
  • താലൂക്കുകള്‍: മൂന്ന്
  • (വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി)
  • നഗരസഭകള്‍: മൂന്ന്
  • (കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി)
  • വില്ലേജുകള്‍: 49
  • പഞ്ചായത്തുകള്‍: 23
  • ബ്ലോക് പഞ്ചായത്തുകള്‍: നാല്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newslife of wayanad
News Summary - Wayanad @ 42
Next Story