റോഡ് ചളിക്കളം; ആറാം മൈലുകാരുടെ ദുരിതത്തിന് അറുതിയില്ല
text_fieldsആറാം മൈലിലെ റോഡ്
അഞ്ചുകുന്ന്: രണ്ടു വർഷത്തോളമായി സംസ്ഥാന പാതയിൽ റോഡ് ചളിക്കളമായതിന്റെ ദുരിതം പേറുകയാണ് ആറാം മൈലിലെ നാട്ടുകാർ.
മഴക്കാലത്ത് ചളിക്കളമാണെങ്കിൽ വേനലിൽ പൊടിപടലം. ആറാം മൈൽ പള്ളിക്ക് മുന്നിൽ കോഴിക്കോട് - മാനന്തവാടി റോഡിൽ 50 മീറ്ററോളം ദൂരത്തിലാണ് കരാറുകാരും സ്വകാര്യ വ്യക്തിയും തമ്മിലുള്ള കിടമത്സരത്തിൽ നാട്ടിലെ ജനങ്ങളും ഇതുവഴി യാത്ര ചെയ്യുന്ന നൂറുകണക്കിന് വാഹനങ്ങളും തീരാ ദുരിതമനുഭവിക്കുന്നത്.
മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും ദിവസേന ഒട്ടേറെ ആംബുലൻസുകൾ കോഴിക്കോട്ടേക്ക് സഞ്ചരിക്കുന്ന വഴിയാണിത്. ഊരാളുങ്കൽ സൊസൈറ്റിയാണ് തോണിച്ചാൽ മുതൽ പച്ചിലക്കാട് വരെ റോഡ് പണി ഏറ്റെടുത്തത്.
എന്നാൽ, പ്രദേശവാസിയായ സ്വകാര്യ വ്യക്തി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ അന്യായമാണ് പണി നിർത്താൻ കാരണമായത്. ടാറിങ് ഇളക്കിയെടുത്ത് കുഴികളാക്കിയ റോഡിലൂടെയുള്ള യാത്ര ഇതോടെ ദുരിതമായി. ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല.
പഴയ സ്കെച്ച് വെച്ച് സ്വകാര്യ വ്യക്തി കരാറുകാരെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചതാണെന്നും നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തി കൈയടക്കി വെച്ചതാണെന്നും ആറാം മൈൽ പ്രദേശവാസികൾ പറയുന്നുണ്ട്. തൊട്ടടുത്ത് മുസ് ലിം പള്ളിയുടെ പണി നടക്കുന്നുണ്ട്. പള്ളിയോട് ചേർന്നാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം.
നാട്ടുകാരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ വ്യക്തിയുടെ ഉദ്ദേശ്യമെന്നാണ് മഹല്ല് കമ്മിറ്റി പറയുന്നത്. രേഖകൾ പരിശോധിച്ച് വേണ്ടത് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയാറാകാത്തതും രണ്ടു വർഷമായി പണി തടസ്സപ്പെടാൻ കാരണമാവുകയാണ്.
ദിനംപ്രതി നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന വഴിയാണിത്. ആറാം മൈലിൽ റോഡ് ഉയർത്തി മണ്ണിട്ട് രണ്ടു ഭാഗത്തുമുള്ള കയറ്റങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് പണി തുടങ്ങിയത്. ആറാം മൈൽ മഖാമിനടുത്ത് കുത്തനെയുള്ള കയറ്റത്തിൽ ലോഡ് വണ്ടികൾ കുരുങ്ങുന്നത് സാധരണയായിരുന്നു. ഇതേത്തുടർന്നാണ് കയറ്റം കുറക്കാൻ റോഡ് പണിയാരംഭിച്ചത്.
എന്നാൽ, പണി തുടങ്ങി രണ്ടു വർഷം പിന്നിടുമ്പോഴും ജനങ്ങളുടെ കഷ്ടപ്പാടുകൾ അധികൃതർ കാണുന്നില്ല. രാവിലെ മദ് റസയിൽ പോകുന്ന കുഞ്ഞുങ്ങളടക്കം അരക്ക് വെള്ളത്തിലാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ കാൽ നടയാത്രക്കാർ ചളിയിൽ കുളിക്കുകയാണ്.
ഇത്രയേറെ ദുരിതമാവുമ്പോഴും കരാറുകാരും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ അനാസ്ഥ കാണിക്കുയാണ്. രേഖകൾ പരിശോധിച്ച് കോടതിയിൽ കക്ഷി ചേർന്ന് പണി പൂർത്തീകരിച്ച് തീരാ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

