ജലനിരപ്പ് ഉയർന്നു; ബാണാസുര ഡാമിൽ റെഡ് അലര്‍ട്ട്
text_fieldsവെള്ളമുണ്ട: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ തിങ്കളാഴ്ചത്തെ അപ്പര്‍ റൂള്‍ ലെവല്‍ 775 മീറ്ററാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്നമുറക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
നിലവില്‍ സെക്കൻഡില്‍ 20 മുതല്‍ 60 കുബിക് മീറ്റര്‍ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
ഇതേ നിലയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ മൂന്ന് ദിവസത്തിനകം ഇപ്പോഴത്തെ അപ്പര്‍ റൂള്‍ ലെവലായ 775 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ സെപ്റ്റംബർ 14ന് രാവിലെ എട്ടിന് ശേഷം ഘട്ടം ഘട്ടമായി സെക്കൻഡില്‍ 8.5 കുബിക് മീറ്റര്‍ വരെ വെള്ളം കാരമാന്‍ തോട്ടിലേക്ക് തുറന്നുവിടാന്‍ സാധ്യതയുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളള്ളതിനാല് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

