ജലനിരപ്പ് താഴുന്നു; കബനി വരൾച്ചയിലേക്ക്
text_fieldsകബനി നദിയിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഭൂമി വിണ്ടുകീറിയ നിലയിൽ
പുൽപള്ളി: വേനൽമഴ കുറഞ്ഞതോടെ കബനി നദിയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞുനിൽക്കുകയാണ്.
ചിലയിടങ്ങളിലൂടെ പുഴക്ക് അപ്പുറം ഇപ്പുറം നടന്നുകയറാനും സാധിക്കും. മാർച്ച് അവസാനത്തോടെ പുഴയിൽ ജലനിരപ്പ് ഇത്രയധികം താഴ്ന്നത് രണ്ടുവർഷം മുമ്പാണ്. അന്ന് കാരാപ്പുഴയിൽനിന്നാണ് കബനിയിലേക്ക് വെള്ളം എത്തിച്ച് കുടിവെള്ള പദ്ധതികൾ പ്രവർത്തനസജ്ജമാക്കിയത്.
നിലവിലെ അവസ്ഥയിൽ വെള്ളം താഴ്ന്നാൽ ഇത്തവണയും ജലവിതരണ പദ്ധതികളെ ബാധിക്കും. തോണിക്കടവുകളിൽ മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്.
മരക്കടവിൽ പുഴക്ക് കുറുകെ ആളുകൾക്ക് നടന്നുകയറാം. ഈ ഭാഗത്താണ് മുൻവർഷങ്ങളിൽ തടയണ നിർമിച്ച് വെള്ളം സംഭരിച്ചിരുന്നത്. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയിലും വലിയ നഷ്ടങ്ങൾ ഉണ്ടാകും. നിരവധി കർഷകരാണ് കബനി നദിയെ ആശ്രയിച്ച് കൃഷിചെയ്യുന്നത്. കബനി നദിയിൽ വെള്ളം കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിൽ വയൽ ഉൾപ്പെടെ വറ്റിവരണ്ടു.
പലസ്ഥലങ്ങളിലും വീണ്ടുകീറി. വേനൽമഴ പെയ്തില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ജോലികൾക്കുമെല്ലാം പുൽപള്ളി മേഖലയിലുള്ളവർ നെട്ടോട്ടമോടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

