കാട്ടാന വിളയാട്ടം; ഭയപ്പാടിന്റെ രാത്രിയിൽ റംലയും സുഹറയും
text_fieldsപൂച്ചട്ടികളും വീട്ടിലേക്കുള്ള പടികളും കാട്ടാനകൾ
നശിപ്പിച്ച നിലയിൽ
വൈത്തിരി: കാട്ടാനകളിറങ്ങി പഴയവൈത്തിരി വട്ടപ്പാറ മേലേതൊടിയിൽ റംലയുടെയും സുഹ്റയുടെയും വീടും പരിസരവും നടപ്പാതകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ആനകൾ ഇറങ്ങിയത്. ഈ സമയം വീടുകളിൽ റംലയും സുഹറയും ഒറ്റക്കായിരുന്നു. പേടിച്ച് വീടുകളുടെ അകത്തിരിക്കുമ്പോൾ പുറത്തു പൂച്ചട്ടികളും മുറ്റവും സ്റ്റെപ്പുകളും ആനകൾ നശിപ്പിക്കുകയായിരുന്നു. സുഹറയുടെ വീടിന്റെ ഷീറ്റുകളും തകർത്തു. കിണറിന്റെ ചുറ്റും ആനകൾ നടന്നതോടെ പലഭാഗത്തും ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പഴയവൈത്തിരി, മുള്ളൻപാറ, വട്ടപ്പാറ, തളിപ്പുഴ, അറമല ഭാഗങ്ങളിൽ ആനകളുടെ ശല്യം രൂക്ഷമാണ്. സന്ധ്യയാകുന്നതോടെ ആനയെ പേടിച്ചു ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ വെറും കാഴ്ചക്കാരായി വന്നുപോകുന്നതല്ലാതെ വന്യമൃഗ ശല്യത്തിന് പരിഹാരമാകുന്നില്ല.

