ഗതാഗതക്കുരുക്കിലമർന്ന് വയനാട് ചുരം
text_fieldsവയനാട് ചുരത്തിൽ ബുധനാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. ബുധനാഴ്ചയും പല സമയങ്ങളിലായി വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയത് യാത്രക്കാരെ ഏറെ വലച്ചു. ബുധനാഴ്ച പുലർചെ നാലാം വളവിനു സമീപം ബസും ഒമ്പതാം വളവിനു സമീപം ചരക്കു ലോറിയും കേടായതിനെ തുടർന്നാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്.
ഇതിനിടയിൽ അഞ്ചാം വളവിനു സമീപം മറ്റൊരു ബസും തൊട്ടടുത്ത് തന്നെ ഒരു പിക്അപ് ലോറിയും കേടായി. ഉച്ചക്കുശേഷം ഏഴാം വളവിനു സമീപം മൾട്ടി ആക്സിൽ ലോറി കേടായതിനെ തുടർന്നുണ്ടായ ബ്ലോക്ക് വൈകീട്ടു വരെ തുടർന്നു. ബ്ലോക്കിനെതുടർന്ന് വൈകിട്ട് ഏഴുമണിക്ക് അടിവാരം മുതൽ വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
അടിവാരം പൊലീസും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചു. ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാർ കൂടിയ സമയത്ത് ചരക്ക് ലോറികൾ ഉൾപ്പെടെ കേടാകുന്നത് ഗതാഗക്കുരുക്ക് രൂക്ഷമാക്കുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെയാണ് കുരുക്കിലകപ്പെട്ടത്.

