മരം മുറിയും വാഹനം കേടുവരലും ചുരത്തിൽ കുരുക്കോട് കുരുക്ക്
text_fieldsവൈത്തിരി: വയനാട് ചുരത്തിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുരിതക്കയം കയറിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ചുരം കയറാൻ ഇപ്പോൾ മണിക്കൂറുകളെടുക്കണം. ചുരത്തിലെ പ്രധാനപ്പെട്ട വളവുകളുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടു റോഡ് വശങ്ങളിലുള്ള മരങ്ങൾ മുറിച്ചു മാറ്റുകയാണ്. ഇതിനായി വാഹനങ്ങൾ പലസമയങ്ങളിലായി തടയുന്നതുമൂലമാണ് ഗതാഗത തടസം നേരിടുന്നത്.
എല്ലാ വളവുകളിലുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി എട്ടാം വളവിലാണ് കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയത്. വാഹന നിയന്ത്രണം ഏർപ്പെടുത്തിയതുമൂലം ഇരുവശത്തുമായി നൂറു കണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ കുരുക്കിന്റെ രൂക്ഷതയും കൂടി. ബുധനാഴ്ചയും വ്യാഴാഴ്ചയും വലിയ തിരക്കാണ് ചുരത്തിലനുഭവപ്പെട്ടത്.
ലക്കിടി മുതൽ ചിപ്പിലിത്തോട് വരെ വാഹനങ്ങളുടെ നിര നീണ്ടു. മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ ചുരം താണ്ടിയത്. ഇതിനിടെ ചുരം വളവുകളിൽ ചരക്കു ലോറികൾ കേടുവരുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വ്യാഴാഴ്ചയും കാലത്ത് എട്ടാം വളവിൽ ചരക്കു ലോറി കേടുവന്നു ഗതാഗതം തടസപ്പെട്ടിരുന്നു.
വനം വകുപ്പിന്റെ സഹായത്തോടെയാണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്. മുറിച്ച മരങ്ങൾ വെസ്റ്റ് കൈതപ്പൊയിലിലേക്കാണ് മാറ്റുന്നത്. 37 കോടി രൂപ ചെലവിലാണ് ചുരം വളവുകളുടെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ഇതിന്റെ പ്രാരംഭ നടപടിയിലാണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്. പ്രവൃത്തിയുടെ രൂപരേഖക്കും മറ്റും അനുമതിയാവുന്നതോടെ വളവുകളുടെ നവീകരണ പ്രവൃത്തി ആരംഭിക്കും. ഒന്നര വർഷമാണ് പ്രവൃത്തിയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

