'ആനവണ്ടി'യിൽ അവരെത്തി, വയനാട് കാണാൻ
text_fieldsഗോവിന്ദൻ സഞ്ചാരികൾക്ക് അമ്പും വില്ലും തൊടുക്കുന്ന രീതി കാണിച്ചുകൊടുക്കുന്നു
വൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാൻ മലപ്പുറത്തുനിന്നും മൂന്നു ബസുകളിലായി 150 ഓളം പേർ വയനാട്ടിലെത്തി. 'മൂന്നാർ ട്രിപ്' മോഡലിൽ കെ.എസ്.ആർ.ടി.സിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ഒരുക്കിയ വയനാട് ടൂറിസം ട്രിപ്പിെൻറ ഭാഗമായി മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നെത്തിയതായിരുന്നു സഞ്ചാരികൾ.
കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഉൾപ്പെട്ട സഞ്ചാരികളാണ് ശനിയാഴ്ച രാവിലെ ജില്ലയിലെത്തിയത്. ഒരാൾക്ക് ഒരു ദിവസത്തെ ട്രിപ്പിന് 1000 രൂപയാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ശനിയാഴ്ചയിലെ കന്നി ട്രിപ്പിൽ ജില്ലയിലെ നാലു വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദർശനം നടത്തിയത്. പൂക്കോട് തടാകം, ടീ ഗാർഡൻ, ബാണാസുര ഡാം, കർലാട് തടാകം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വൈകീട്ടോടെ യാത്രികരെയും കൊണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തിരിച്ചുപോയി. തങ്ങളുടെ ബജറ്റിലൊതുങ്ങുന്ന യാത്രയാണെന്ന് സഞ്ചാരികൾ പറഞ്ഞു. വരും ദിവസങ്ങളിൽ ഒരു ദിവസം ജില്ലയിൽ തങ്ങുംവിധമുള്ള രണ്ടു ദിവസത്തെ ട്രിപ്പുകളാണ് പദ്ധതിയിടുന്നതെന്നു കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. 13 ജില്ലകളിൽനിന്നും വയനാട്ടിലേക്ക് ഇത്തരത്തിൽ സർവിസ് നടത്താനാണ് കെ.എസ്.ആർ.ടി.സി തീരുമാനം.
പ്രത്യേകം ക്ഷണിതാവായെത്തിയ ഗോവിന്ദൻ സഞ്ചാരികൾക്ക് അമ്പും വില്ലും തൊടുക്കുന്ന രീതികൾ കാണിച്ചുകൊടുത്തത് കൗതുകമായി. രാവിലെ ഒമ്പതരയോടെ പൂക്കോട് തടാകക്കരയിലെത്തിയ സഞ്ചാരികൾക്ക് ഡി.ടി.പി.സിയുടെയും കെ.എസ്.ആർ.ടി.സിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല ട്രാൻസ്പോർട് ഓഫിസർ പ്രശോഭ്, കെ.എസ്.ആർ.ടി.സി ജില്ല കോഓഡിനേറ്റർ ബിനു, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, പൂക്കോട് തടാകം മാനേജർ, ബൈജു, ചീങ്ങേരി ടൂറിസ്റ്റ് കേന്ദ്രം മാനേജർ ഹരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിസ് കുമാർ, വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

