പിണങ്ങോടും വെങ്ങപ്പള്ളിയിലും മോഷണം; മൊബൈൽ ഫോണുകളും പണവും കവർന്നു
text_fieldsപിണങ്ങോട് ടൗണിൽ നടന്ന മോഷണത്തിലെ പ്രതികളുടെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞപ്പോൾ
വെങ്ങപ്പള്ളി: പിണങ്ങോട്, വെങ്ങപ്പള്ളി അങ്ങാടിയിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പിണങ്ങോട് ടൗണിലെ റാഫി എന്ന വ്യാപാരിയുടെ ഇൻഷാ എന്ന പേരിലുള്ള മൊബൈൽ ഷോപ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും 1500 രൂപയും മോഷ്ടിച്ചു.
പുലർച്ചെ സ്‌കൂട്ടറിലെത്തിയ മൂന്ന് മോഷ്ടാക്കളാണ് കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയത്. മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മുഴുവൻ മൂടി കൈയുറകൾ ധരിച്ച മോഷ്ടാക്കൾ ആയുധങ്ങൾ ഉപയോഗിച്ച് സമീപത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷ്ടിക്കാനും ശ്രമിച്ചു. ഈ വാഹനത്തിൽ പെട്രോൾ ഇല്ലാത്തത് മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വെങ്ങപ്പള്ളിയിലെ പച്ചക്കറിക്കടയിൽ കയറി ഇവർ മിഠായി മോഷ്ടിച്ചതായും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.