Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightചുരത്തിൽ പാറ വീണുണ്ടായ...

ചുരത്തിൽ പാറ വീണുണ്ടായ അപകടം; വില്ലനായത് അമിതഭാരം കയറ്റിയ ലോറികൾ?

text_fields
bookmark_border
ചുരത്തിൽ പാറ വീണുണ്ടായ അപകടം; വില്ലനായത് അമിതഭാരം കയറ്റിയ ലോറികൾ?
cancel
Listen to this Article

വൈത്തിരി: കഴിഞ്ഞദിവസം വയനാട് ചുരത്തിൽ പാറക്കല്ല് ഉരുണ്ടുവീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതിസ്ഥാനത്ത് അമിതഭാരം കയറ്റിയ ലോറികളും ടോറസുകളും. അനുവദിച്ചതിന്‍റെ ഇരട്ടിയും അതിലധികവും ഭാരവുമായി ദിവസവും നൂറുകണക്കിന് ലോറികളും ടോറസുകളുമാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ഇരമ്പലും പ്രകമ്പനവും മൂലമാവാം പാറക്കല്ല് താഴേക്ക് പതിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കഴിഞ്ഞ വർഷം ചുരം റോഡ് ഇടിഞ്ഞപ്പോൾ 25 ടണ്ണാണ് ചുരത്തിലൂടെ പോകുന്ന ചരക്കുവാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഭാരം. ഇതിൽ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല.

ഇതിലൂടെ കടന്നുപോകേണ്ട ഇത്തരം വാഹനങ്ങർക്ക് അളവും തൂക്കവും വരെ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിശോധിക്കാൻ അധികൃതർക്കാവുന്നില്ല. അധികൃതർ തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് സത്യം. ഓരോ തവണയും മണ്ണിടിച്ചിലും റോഡിടിച്ചിലുമുണ്ടാകുമ്പോൾ മാത്രം നിയന്ത്രണം കൊണ്ടുവരുന്ന അധികൃതർ പക്ഷേ, ഇവ നടപ്പിലാകുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല. ഇടിഞ്ഞതൊക്കെ നന്നാക്കുമ്പോഴേക്കും ഭാരം പതിന്മടങ്ങാക്കി ടോറസുകൾ ചുരത്തിലൂടെ ചീറിപ്പായുകയാണ്. 35 ടൺ ക്വാറി ഉൽപന്നങ്ങൾ കയറ്റിപ്പോകേണ്ട ടോറസുകളിൽ 50 മുതൽ 70വരെ ടൺ ലോഡാണ് ചുരംകയറുന്നത്. വൻതോതിൽ മാർബിളും പതിക്കുന്ന കല്ലുകളും കയറ്റിയ പതിനാലും പതിനെട്ടും ചക്രങ്ങളുള്ള ലോറികളും സന്ധ്യ കഴിഞ്ഞാൽ ചുരം റോഡ് കൈയടക്കുകയാണ്. അമിത ഭാരവും വലുപ്പവുമുള്ള വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കനത്ത പ്രകമ്പനമാണ് ചുരത്തിൽ അനുഭവപ്പെടുന്നത്. ഈ പ്രകമ്പനംമൂലം തന്നെയായിരിക്കാം പാറക്കല്ല് അടർന്നുവീണ് അപകടമുണ്ടായത്. പലപ്പോഴും മണ്ണിടിച്ചിലുണ്ടാകുന്നത് മരങ്ങൾ ചുരം റോഡിലേക്ക് കടപുഴകുന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്.

നാട്ടിലാകെ കോടികൾ മുടക്കി കാമറ പിടിപ്പിച്ച് സീറ്റ് ബെൽറ്റിടാത്തവരെയും സ്പീഡിൽ വാഹനങ്ങൾ ഓടിക്കുന്നവരെയും കണ്ടെത്താൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന മോട്ടോർ വാഹനവകുപ്പ് ടിപ്പർ, ടോറസ് മാഫിയകൾക്ക് മുന്നിൽ പത്തിമടക്കിയിരിക്കുകയാണ്.

ലോക്കൽ പൊലീസും ഹൈവേ പൊലീസും ആർ.ടി.ഒയുമൊക്കെ ചുരത്തിലൂടെ നിരങ്ങിനീങ്ങുന്നുണ്ടെങ്കിലും നിയമങ്ങളെ കാറ്റിൽപറത്തി ചുരത്തിലൂടെ പറക്കുന്ന ടോറസുകളെ തൊടാൻ ഇവർക്കൊക്കെ പേടിയാണെന്നാണ് ആരോപണം. ടൂറിസ്റ്റ് ബസുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പാർക്കിങ്ങിൽ പോയി പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പാണ് അമിത ഭാരം കയറ്റിപ്പോകുന്ന ലോറികൾ കാണാതെ പോകുന്നത്. ക്വാറിമാഫിയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് നേരത്തെ ചർച്ചയായിട്ടുള്ളതാണ്. പക്ഷേ, നടപടികൾ ഒന്നുമായില്ലെന്നുമാത്രം. പാറക്കല്ല് വീണ് യുവാവ് മരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

എന്നാൽ, നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ചുരത്തിലങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ പാറകളും താഴേക്ക് പതിക്കാനായി കിടപ്പുണ്ട്. ആവശ്യമായ നടപടി എടുത്തില്ലെങ്കിൽ വീണ്ടും ദുരന്തങ്ങൾക്ക് വഴിയൊരുക്കും. പ്രത്യേകിച്ചും മഴക്കാലത്ത്.

വയനാട് ചുരം ഇന്ന് നേരിടുന്ന വലിയ ഭീഷണി അനുദിനം വർധിച്ചുവരുന്ന അമിത ഭാരം കയറ്റിയ ടോറസുകളുടെ കടന്നുകയറ്റമാണെന്ന് ചുരം സംരക്ഷണസമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് പറയുന്നു. അമ്പതിലധികം ടൺ ഭാരവുമായി ചുരംകയറുന്ന ടോറസുകൾ അപകട സാധ്യത വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാറക്കല്ല് വീണ് വണ്ടൂർ സ്വദേശിയായ അഭിനവ് എന്ന ബൈക്ക് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തിയിരുന്നു.

ദേശീയപാത അസി. എക്സി. എൻജിനീയർ റെനി മാത്യു, ഓവർസിയർ ഷിബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ശാസ്ത്രീയമായ പഠനം നടത്തി ഇനിയുമൊരു ജീവൻ കുരുതി കൊടുക്കാതിരിക്കാനുള്ള നടപടികളാണ് അടിയന്തരമായി കൈക്കൊള്ളേണ്ടതെന്ന് നാട്ടുകാരും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery Passaccidentdeath
Next Story