ഓണക്കാലവും കഴിഞ്ഞു; ടൂറിസം മേഖല ഉണർന്നില്ല
text_fieldsആളൊഴിഞ്ഞ പൂക്കോട് തടാകം
വൈത്തിരി: കള്ളാടി ദുരന്തവും കനത്ത മഴയും മൂലം തകർന്നു പോയ ജില്ലയിലെ ടൂറിസം മേഖല ഓണക്കാലമായിട്ടും തിരിച്ചുവന്നില്ല. തീർത്തും തകർന്ന നിലയിലാണ് മേഖല. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു എത്തിയത് പകുതിയോളം സഞ്ചാരികൾ മാത്രം. കഴിഞ്ഞ വർഷം ടിക്കറ്റ് കിട്ടാതെ സഞ്ചാരികൾ തിരിച്ചുപോയ സാഹചര്യം വരെ ഉണ്ടായപ്പോൾ ഇപ്രാവശ്യം പല കേന്ദ്രങ്ങളിലും പേരിനുപോലും സന്ദർശകരെത്താത്ത അവസ്ഥയാണുണ്ടായത്. കാര്യമായി വരുമാനമുണ്ടായത് പൂക്കോട് തടാകത്തിൽ മാത്രം.
എൻ ഊരിലും അത്യവശ്യം തിരക്കുണ്ടായിരുന്നു. ഡി.ടി.പി.സിയുടെ കീഴിലുള്ള പൂക്കോട് ഒഴികെ കേന്ദ്രങ്ങളിലെല്ലാം സന്ദർശകർ കുറഞ്ഞതായാണ് കണക്കുകൾ. ഇതോടെ വരുമാനവും കുറഞ്ഞു. ബാണാസുര സാഗർ ഡാമിൽ തിരക്കുണ്ടായിരുന്നു. സ്വകാര്യ പാർക്കുകളിലും സാഹസിക കേന്ദ്രങ്ങളിലും സന്ദർശകർ കുറവായിരുന്നു. വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കി.
വ്യാപാര മേഖലയും ഉറങ്ങിയ അവസ്ഥയിലായി. പ്രതീക്ഷിച്ച ഓണക്കച്ചവടം ലഭിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും സന്ദർശകർ തീരെ കുറവായിരുന്നു. കള്ളാടി മണ്ണിടിച്ചിലിനു ശേഷം ഇതേ അവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. ചില വൻകിട റിസോർട്ടുകളിൽ ഓണം കഴിഞ്ഞുള്ള ദിനങ്ങളിൽ തിരക്കുണ്ടായിരുന്നെങ്കിലും ഓണാവധിയുടെ അവസാന നാളുകളിൽ ശുഷ്കിച്ച അവസ്ഥയായിരുന്നു.
കള്ളാടി ദുരന്ത ശേഷം ഉണ്ടായ കനത്ത മഴയും ഭീതി പരത്തുന്ന വിധത്തിലുള്ള മുന്നറിയിപ്പുകളും ചുരത്തിൽ വാഹനങ്ങൾക്കു നിയന്ത്രണം വെച്ചതും സഞ്ചാരികൾ വരുന്നതിനു പ്രതികൂല സാഹചര്യമൊരുക്കി. ഒരു പ്രദേശത്തു മാത്രമുണ്ടായ ദുരന്തത്തെ പാർവതീകരിച്ച് ജില്ലയൊട്ടാകെ പ്രശ്നബാധിതമാണെന്ന പ്രചാരണവും പ്രതികൂലമായി ബാധിച്ചു. വയനാട് ചുരത്തിൽ അടിക്കടിയുണ്ടായ ഗതാഗതക്കുരുക്കും തടസ്സങ്ങളും സഞ്ചാരികൾക്കു കടുത്ത മടുപ്പുളവാക്കിയിട്ടുണ്ട്.
ചുരം കയറാൻ പലപ്പോഴും മണിക്കൂറുകളാണെടുത്തത്. നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു നാടണയാൻ ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ പുറപ്പെട്ട അമ്പതോളം യാത്രക്കാരും രണ്ടു മണിക്കൂറോളം ചുരത്തിൽ കുടുങ്ങി. ചുരത്തിലെ കുരുക്കിന് പരിഹാരം കണ്ടെത്താൻ ഇപ്പോഴും അധികൃതർക്കായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടത്തുന്നുമില്ല എന്നതാണ് സത്യം.
കർണ്ണാടകയിലെ ഗുണ്ടല്പേട്ടയിൽ നിറഞ്ഞുനിൽക്കുന്ന പൂപ്പാടങ്ങളും മുന്തിരി തോട്ടവും കാണാൻ സഞ്ചാരികൾ കൂട്ടത്തോടെ പോയതും ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് ക്ഷീണമായി. നൂറുകണക്കിന് വാഹനങ്ങളാണ് ഇതര ജില്ലകളിൽനിന്ന് വയനാട് വഴി കർണാടകത്തിലേക്കു പോയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇപ്രാവശ്യം സഞ്ചാരികൾ ജില്ലയിലെത്തിയത് കുറവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

