മുള്ളൻപന്നിയെ കൊന്നു: രണ്ടുപേർ അറസ്റ്റിൽ
text_fieldsവൈത്തിരി: മേപ്പാടി റേഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ലക്കിടി-അറമല റോഡിൽ മുള്ളൻപന്നിയെ കാറിടിച്ചു കൊല്ലുകയും മാംസം കടത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ രണ്ടു പേരെ വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ലക്കിടി സ്വദേശികളായ ശരീഫ് (37), അജി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
രഹസ്യവിവരത്തെത്തുടർന്ന് കൽപറ്റ റേഞ്ച് ഓഫിസർ കെ.ജെ. ജോസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മൂന്നുപേർ കാറുമായി രക്ഷപ്പെട്ടു. ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് മേപ്പാടി റേഞ്ച് ഓഫിസർ കെ. ബാബുരാജ് അറിയിച്ചു. അഞ്ചു കിലോയോളം മാംസമാണ് കണ്ടെടുത്തത്. കൽപറ്റ, മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജെ. ജോസ്, സെക്ഷൻ ഓഫിസർ കെ.കെ. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിനോദ്്, വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.എം. ബാബു, കെ.ആർ. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. അമൽ, പി.പി. ബിനീഷ്, എം.എ. രഞ്ജിത്ത് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

