ആദിവാസി ജീവനക്കാരനെ മർദിച്ചതായി പരാതി
text_fieldsവൈത്തിരി: പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ആദിവാസി ജീവനക്കാരനെ ഒരുകൂട്ടം സന്ദർശകർ മർദിച്ചതായി പരാതി. തളിപ്പുഴ ചേരിക്കുന്നുമ്മൽ ശ്രീനാഥിനെയാണ് കണ്ണൂരിൽ നിന്നെത്തിയ സംഘം മർദിച്ചത്. ഞായറാഴ്ച വൈകീട്ട് എൻ ഊരിലേക്കുള്ള പ്രവേശനം തീരാറായ സമയത്ത് എത്തിയവരാണ് മർദിച്ചതെന്നാണ് പരാതി.
കരിഞ്ചന്തയിലെടുത്ത പ്രവേശന ടിക്കറ്റുമായാണ് ഇവർ എത്തിയതെന്ന് ആരോപണമുണ്ട്. എൻ ഊരിലേക്കുള്ള പ്രവേശന ടിക്കറ്റ് മാത്രമാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നതെന്നും വാഹനത്തിനുള്ള പ്രവേശന ടിക്കറ്റില്ലാത്തതിനാൽ മുകളിലേക്ക് പോകാൻ കഴിയില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് സംഘം മർദിച്ചതെന്നും ജീവനക്കാർ പറയുന്നു. പരിക്കേറ്റ ശ്രീനാഥിനെ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

