ചുരം അപകടം: പരിക്കേറ്റവരെ ആരും തിരിഞ്ഞുനോക്കിയില്ല
text_fieldsചുരത്തിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
വൈത്തിരി: ചുരം ഒമ്പതാം വളവിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് രണ്ടുപേർ കാറിനുള്ളിലും രണ്ടുപേർ റോഡിലും പരിക്കേറ്റ് കിടന്നിട്ടും ഈസമയം ഇതുവഴി പോയ ആരും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമിച്ചില്ല.
അപകടം സംഭവിച്ചവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറാവുന്നില്ല എന്ന വിവരം ലക്കിടിയിൽ പട്രോളിങ്ങിനിടെ ഒരു വാഹന യാത്രക്കാരൻ പൊലീസിനു കൈമാറി. പിന്നാലെയാണ് വൈത്തിരി എസ്.ഐ രാംകുമാറും ഡ്രൈവർ ഷാജഹാനും സംഘവും സംഭവ സ്ഥലത്ത് എത്തുന്നത്.
നാലു ചെറുപ്പക്കാർ അപകടം പറ്റി കാറിലും റോഡിലും ആയി കിടക്കുന്ന കാഴ്ചയാണ് പൊലീസ് കണ്ടത്. അതിൽ രണ്ടുപേരെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് അയച്ചു. ബാക്കിയുള്ള രണ്ടുപേരെ പൊലീസ് ജീപ്പിൽ കയറ്റി വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. ശേഷം അടിയന്തര ശുശ്രൂഷ നൽകി. വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്താൻ വൈകിയതാണ് ഒരു ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്.

