ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്; ഡി.പി.ആർ ടെൻഡർ അനുമതി; പ്രതീക്ഷയിൽ വയനാട്
text_fieldsതാമരശ്ശേരി ചുരം (ഫയൽ ചിത്രം)
വൈത്തിരി: നിർദ്ദിഷ്ട വയനാട് ചുരം ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിന് ഡി.പി.ആർ തയാറാക്കുന്നതിനുള്ള ടെൻഡർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് വയനാടൻ ജനത. നിത്യേനയെന്നോണം വർധിച്ചുവരുന്ന ചുരം ദുരിതയാത്രക്ക് പരിധിവരെ പരിഹാരമാകുന്നതാണ് നിർദിഷ്ട ബൈപാസ് റോഡ്.
വ്യോമ, റെയിൽ, ജലപാതകളൊന്നുമില്ലാത്ത വയനാട്ടിലേക്കുള്ള ഏക സഞ്ചാരമാർഗം റോഡുകൾ മാത്രമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശീയ പാതയിൽ ചുരം ഉൾപ്പെടുന്ന റോഡ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ചുരം പലഭാഗങ്ങളും ഇടിഞ്ഞു വീഴുമ്പോൾ നടത്തുന്ന അറ്റകുറ്റപ്പണികളല്ലാതെ കാര്യമായ നവീകരണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
ജില്ലയിലേക്കുള്ള സഞ്ചാരികളുടെയും വാഹനങ്ങളുടെയും ഒഴുക്ക് ക്രമാതീതമായി വർധിച്ചതോടെ വയനാട് ചുരം എന്നാൽ 'കുരുക്ക്' എന്ന തലത്തിലേക്കു ചുരത്തിലെ ദുരിതമെത്തിച്ചു. ചുരത്തിലെ കുരുക്കിന് പരിഹാരമായാണ് 14.5 കിലോമീറ്റർ ദൂരമുള്ള തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് ബൈപാസ് റോഡിനുള്ള നിർദ്ദേശം വന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ആവശ്യത്തിന് പി.ജെ. ജോസഫ് പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്തു ബജറ്റിൽ ടോക്കൺ ഫണ്ട് മാറ്റിവച്ചിരുന്നു. പിന്നീട് യാതൊരു അനക്കവുമുണ്ടായില്ല. ബൈപാസ് റോഡിനായി രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ നിരന്തര ഇടപെടലിനെ തുടർന്നും സമരങ്ങളെ തുടർന്ന് ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഫയലുകൾക്ക് നീക്കം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് ഡി.പി.ആറിനുള്ള ടെൻഡർ ക്ഷണിച്ചത്. ഇതിനിപ്പോൾ കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
മലാപ്പറമ്പ് മുതൽ മുത്തങ്ങവരെ ഒറ്റ റീച്ചായി നാലുവരിപ്പാതയാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും തുക വകയിരുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ദേശീയപാത വികസനത്തിൽ ചുരം ബൈപാസ് റോഡും അംഗീകരിക്കപ്പെട്ടത്.
ചിപ്പിലിത്തോട് നിന്നും മരുതിലാവ് വഴി കൊടും വളവുകൾ ഇല്ലാതെ വയനാട്ടിലെ തളിപ്പുഴയിലെത്തിച്ചേരുന്നതാണ് നിർദിഷ്ട ബൈപാസ്. പതിനാലര കിലോമീറ്റർ ദൂരം വരുന്ന ബൈപാസ് റോഡ് രണ്ടു കിലോമീറ്ററോളം കോഴിക്കോട്, വയനാട് ജില്ലകളിലെ വനഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. വനത്തിലുടെ ടണൽ നിർമിക്കുന്നതിനുള്ള നിർദേശവും നേരത്തേ പരിഗണനയിലുണ്ടായിരുന്നു.
ചിപ്പിലിത്തോട് മുതൽ മരുതിലാവു വരെയുള്ള റോഡിനു പ്രദേശവാസികൾ ആവശ്യമായ സ്ഥലം വിട്ടുനൽകാമെന്നു സമ്മതപത്രം നൽകുകയും ചെയ്തിരുന്നു. വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ബൈപാസ് ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ പരിപാടികൾ നടത്തി നടത്തി വരികയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

