വെർച്വൽ അറസ്റ്റ് തട്ടിപ്പ്
text_fieldsകൽപറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽനിന്നും പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയിയെ (28) ആണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. 2024 ആഗസ്റ്റിലാണ് സംഭവം. യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് ലോണുകൾ നേടിയിട്ടുണ്ടെന്നും അതിന്റെ പേരിൽ അറസ്റ്റ് വാറന്‍റ് ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാനും നിർദേശിച്ചു. പിന്നീട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന പേർസണൽ ലോൺ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്. പ്രതികളിലൊരാളായ ശ്രിരാം ബിഷ്നോയിയെ ബികനീറിൽനിന്നും പണം കൈമാറാനുപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളടക്കം പിടികൂടുകയായിരുന്നു. പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ പി.പി. ഹാരിസ്, എസ്.സി.പി.ഒ കെ.എ. അബ്ദുൾ സലാം, പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ്.സി.പി.ഒ പി.വി. ശ്രീനാഥ്, സി.പി.ഒ ജിസൺ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

