ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടി; വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി സമരം
text_fieldsപൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥികളുടെ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടിയതിനെതിരെ എസ്.എഫ്.ഐ നടത്തിയ സമരം
വൈത്തിരി: കേരള വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ വാടക ഒറ്റയടിക്ക് വർധിപ്പിച്ചു. നേരത്തെ ഹോസ്റ്റലിൽ താമസിക്കുന്ന ഓരോ വിദ്യാർഥിയിൽനിന്നും സർവിസ് ചാർജായി 200 രൂപയാണ് ഈടാക്കിയിരുന്നത്. 2025 മുതൽ യൂനിവേഴ്സിറ്റിയിൽ ചേർന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർ ഇപ്പോൾ വാടകയായി മാസംതോറും 2,000 രൂപ അടക്കണം. പഴയ വിദ്യാർഥികൾക്ക് വർധന ബാധകമല്ല.
വിദ്യാർഥികളുടെ ഹോസ്റ്റലിൽ ഫീസ് അന്യായമായി വർധിപ്പിച്ചതിലും ഇന്റേൺഷിപ് കഴിഞ്ഞവരുടെ അലവൻസ് നൽകാത്തതിലും പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാല എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ വെവ്വേറെ വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. എസ്.എഫ്.ഐ സമരത്തിന് യൂനിറ്റ് സെക്രട്ടറി സി.എച്ച്. ഹുദൈഫ് നേതൃത്വം നൽകി. നിവിൻ ജോർജ്, അരുൺ ചന്ദ്, അമൽ, അഭിരാമി എന്നിവർ സംസാരിച്ചു. വാടക പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു.
പുതുക്കിയ ഹോസ്റ്റൽ വാടക അടച്ചില്ലെന്നാരോപിച്ച് 75ലധികം വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതായി കെ.എസ്.യു നേതാക്കൾ പറഞ്ഞു. വർധിപ്പിച്ച ഹോസ്റ്റൽ വാടക പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് യൂനിറ്റ് പ്രസിഡന്റ് ഡി. അരവിന്ദ് പറഞ്ഞു. സമരത്തിന് പാർഥിവ്, സിറിയൻ ജെയിംസ്, ദേവസൂര്യ എന്നിവർ നേതൃത്വം നൽകി.
ഇന്റേൺഷിപ്പ് കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾക്ക് എട്ടു മാസത്തെയും ഈ വർഷം ഇന്റേൺഷിപ്പിന് ചേർന്നവർക്ക് നാലുമാസത്തെയും അലവൻസ് ലഭിച്ചിട്ടില്ല.പി.ജി ചെയ്യുന്നവർക്കും അലവൻസ് ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു. സ്റ്റേഷൻ ഓഫിസർ രാംജിത്ത്, എസ്.ഐ കെ.കെ. റോബിൻ എന്നിവരുടെ നേതൃത്വത്തിൽ വൈത്തിരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

