സ്ത്രീകൾ ചോദിക്കുന്നു; എട്ടേനാൽ ടൗണിൽ പ്രാഥമിക കൃത്യത്തിന് എവിടെ പോകണം?
text_fields
എട്ടേനാൽ ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ കാലങ്ങളായി അടഞ്ഞുകിടക്കുന്ന ശൗചാലയം
വെള്ളമുണ്ട: പഞ്ചായത്ത് ആസ്ഥാനമായ ടൗണിനു നടുവിലെ ഏക മൂത്രപ്പുര അടഞ്ഞു കിടക്കുമ്പോൾ പ്രാഥമിക കൃത്യത്തിന് മാർഗമില്ലാതെ സ്ത്രീകൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണായ എട്ടേനാൽ ടൗണിലാണ് വിദ്യാർഥിനികളടക്കമുള്ള യാത്രക്കാർ ദുരിതംപേറുന്നത്.
പഞ്ചായത്ത് ഓഫിസിനോട് ചേർന്ന ശൗചാലയങ്ങൾ പുരുഷൻമാർക്ക് പ്രയോജനകരമാണെങ്കിലും സ്ത്രീകൾ പ്രയാസപ്പെടുകയാണ്. പഞ്ചായത്തിന്റെ തന്നെ ഷോപ്പിങ് കോംപ്ലക്സിൽ സൗകര്യപ്രദമായതുണ്ടെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടിയില്ല. അടഞ്ഞുകിടക്കുന്ന ഇത് മറ്റ് സാധനങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഒരുപതിറ്റാണ്ടിലധികമായി ഉയരുന്നതാണ് പൊതു ശൗചാലയമെന്ന ആവശ്യം .
അയ്യായിരത്തോളം വിദ്യാർഥികൾ ദിനംപ്രതി വന്നിറങ്ങുന്ന ടൗണിൽ നിലവിലുള്ള ശൗചാലങ്ങൾ പോലും അടഞ്ഞുകിടക്കുന്നത് ദുരിതമാവുകയാണ്. സ്ത്രീകൾക്ക് ഒരുവിധ സൗകര്യവും വെള്ളമുണ്ടയിലെ പ്രധാന ടൗണുകളിലൊന്നുമില്ല. ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മൂത്രപ്പുര സൗകര്യങ്ങളുള്ള വലിയ ഹോട്ടലുകളോ മറ്റ് സ്വകാര്യ സംവിധാനങ്ങളോ ഈ ടൗണുകളിലില്ല.
പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹാളിൽ മൂത്രപ്പുരകളുണ്ടെങ്കിലും പൊതുജനത്തിന് ഉപകാരപ്രദമല്ല. ലക്ഷങ്ങൾ മുടക്കി സമീപ പ്രദേശങ്ങളിൽ നിർമിച്ച ഇ-ടോയ് ലറ്റുകളടക്കം ഉപയോഗശൂന്യവുമായ അവസ്ഥയിലാണ്.