കുംഭ അമ്മ വീട്ടിലേക്കുള്ള തകർന്ന വഴിയിൽ
text_fieldsകുംഭ അമ്മ വീട്ടിലേക്കുള്ള തകർന്ന വഴിയിൽ
വെള്ളമുണ്ട: വൈകല്യങ്ങളോട് പടവെട്ടി കൃഷിയിൽ വിജയഗാഥ കൊയ്ത ആദിവാസി വയോധികയുടെ ദുരിത യാത്രക്ക് അറുതിയില്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരുവണശ്ശേരി കോളനിയിലെ കുംഭ അമ്മയും പ്രദേശവാസികളുമാണ് സഞ്ചാരയോഗ്യമായ വഴിയില്ലാതെ പ്രയാസപ്പെടുന്നത്. ഒരു വർഷം മുമ്പ് റോഡ് പാസായി നിർമാണം തുടങ്ങിയതാണ്.
എന്നാൽ, നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചതിെൻറ പേരിൽ പ്രവൃത്തി തന്നെ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി.
വിവാദമായതോടെ പ്രവൃത്തി പുനരാരംഭിച്ചെങ്കിലും കുംഭയുടെ വീടു വരെ എത്തുന്നതിനു മുമ്പേ നിർമാണം വീണ്ടും നിലച്ചു. അരക്കു താഴെ തളർന്ന ഇവർ ഏറെ പാടുപെട്ടാണ് ഇതുവഴി പോകുന്നത്. കൃഷിയിൽ മാതൃക സൃഷ്ടിച്ച കുംഭ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിൽനിന്നും ലഭിച്ച മുച്ചക്രവാഹനവും ഉപയോഗിക്കാനാകുന്നില്ല. കടുത്ത അവഗണനയാണ് പതിറ്റാണ്ടുകളായി പ്രദേശവാസികൾ അനുഭവിക്കുന്നത്. സഞ്ചാര യോഗ്യമായ റോഡില്ലാത്തതു കാരണം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ നിരവധി ജീവനുകൾ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രായമായവരെ കസേരയിൽ ചുമന്നാണ് മഴക്കാലങ്ങളിൽ റോഡിലേക്ക് എത്തിക്കുന്നത്. റോഡിെൻറ തുടക്കത്തിലുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുകയും രണ്ടാംഘട്ടമായി ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പണി തുടങ്ങുകയും ചെയ്തിരുന്നു.
കേരളനാട് അംഗീകരിച്ച അമ്മയോട് ജില്ലയിലെ ഭരണകൂടം തികഞ്ഞ അവഗണന കാണിക്കുന്നതിനുള്ള ഉദാഹരണമാണ് ഈ ദയനീയ കാഴ്ച.