തൊണ്ടർനാട് ബി.ജെ.പിക്ക് രണ്ടു സീറ്റ്; ഇടത് വലത് മുന്നണികളിൽ വിവാദം പുകയുന്നു
text_fieldsവെള്ളമുണ്ട: തൊണ്ടർനാട് പഞ്ചായത്തിൽ ബി.ജെ.പി രണ്ടു സീറ്റുകളിൽ ജയിച്ചതിനെ ചൊല്ലി ഇടത് വലത് മുന്നണികളിൽ വിവാദം പുകയുന്നു. പഞ്ചായത്തിലെ മട്ടിലയം, നിരവിൽപുഴ വാർഡുകളിലെ ബി.ജെ.പി സ്ഥാനാർഥികളുടെ ജയം ഇരു മുന്നണികളുടെയും മൂപ്പിള തർക്കത്തിെൻറ അനന്തര ഫലമാണെന്ന് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നു.
കഴിഞ്ഞതവണ കേവലം ഏഴു വോട്ടുകൾക്ക് നഷ്ടപെട്ട നിരവിൽപുഴ വാർഡ് എന്ത് വില കൊടുത്തും വിജയിക്കുമെന്ന് യു.ഡി.എഫ് പറഞ്ഞിരുന്നു. കിട്ടിയ സീറ്റ് നിലനിർത്തുമെന്ന് സി.പി.എമ്മും പറഞ്ഞിരുന്നു.
ഇരു മുന്നണികളും പരസ്പരം തോൽപിക്കാൻ പണിയെടുത്തപ്പോൾ മട്ടിലയം വാർഡിലും സമീപത്തെ നിരവിൽപുഴ വാർഡിലും ബി.ജെ.പിക്ക് ജയം എളുപ്പമായി. യഥാക്രമം 124, 211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചു കയറിയത്.