പ്രളയക്കെടുതി കുറക്കാൻ പുഴ ശുചീകരണം
text_fieldsപുതുശ്ശേരിക്കടവ് പുഴയിൽനിന്ന് പായലും ചളിയും നീക്കുന്നു
വെള്ളമുണ്ട: പ്രളയക്കെടുതികൾ കുറക്കാൻ ജില്ലയിൽ പുഴ ശുചീകരണം ആരംഭിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം മൈനർ ഇറിഗേഷൻ വകുപ്പാണ് ജില്ലയിലെ വിവിധഭാഗങ്ങളിൽ പുഴ ശുചീകരണം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പായലും പുഴയിലടിഞ്ഞ ചളിയും കോരി മാറ്റി ജലത്തിന്റെ ഒഴുക്ക് എളുപ്പമാക്കുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. കാലങ്ങളായി മണ്ണും മാലിന്യങ്ങളും നിറഞ്ഞു നികന്ന പുഴത്തീരങ്ങളിൽ മഴക്കാലത്ത് വലിയതോതിൽ വെള്ളം പൊങ്ങുന്നത് പതിവുകാഴ്ചയാണ്. ഇത് പരിഹരിക്കുന്നതിനാണ് പുഴയിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തിക്ക് രൂപം നൽകിയത്.
പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരിയോട് ഭാഗങ്ങളിൽ മഴക്കാലത്ത് വൻതോതിൽ വെള്ളം പൊങ്ങി ദിവസങ്ങളോളം പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. സമീപത്തെ പുഴകളിൽനിന്നാണ് വെള്ളം പൊങ്ങിയിരുന്നത്. പുഴകളുടെ പലഭാഗത്തും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന കാരണങ്ങളിലൊന്ന്. അടുത്ത കാലത്തായി പുഴവെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം പലഭാഗത്തും മാലിന്യം നിറഞ്ഞത് നിരവധി കുടിവെള്ള പദ്ധതികളെ പ്രയാസത്തിലാക്കിയിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള നടപടികളാണ് ശുചീകരണം വഴി ഉദ്ദേശിക്കുന്നത്.