സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു; ദുരിതക്കുടിലിൽ ആദിവാസി ജീവിതങ്ങൾ
text_fieldsപ്ലാസ്റ്റിക് കൂരകൾക്ക് മുന്നിൽ ആദിവാസികൾ
വെള്ളമുണ്ട (വയനാട്): നിന്നുതിരിയാനിടമില്ലാത്ത കൂര. നനവുള്ള തറയിൽ വിരിച്ച പായയിൽ ഉറക്കം. ആദിവാസി ക്ഷേമത്തിനായി കോടികൾ പൊടിക്കുന്ന നാട്ടിലാണ് സ്വസ്ഥമായൊന്ന് കിടക്കാൻ പോലും ഇടമില്ലാതെ ആദിവാസി കുടുംബം നരകജീവിതം നയിക്കുന്നത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ചെക്കോത്ത് പണിയ കോളനിയിലെ ബാബുവിെൻറയും സമീപത്തെ കുടുംബവുമാണ് കിടപ്പാടമില്ലാതെ അധികൃതരുടെ കനിവുതേടുന്നത്.
അഞ്ചു വർഷമായി പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന ഇവർ വീടിനു വേണ്ടി ഓഫിസുകൾ കയറിയിറങ്ങി മടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വീട് പാസായിട്ടുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമിച്ച ഇടുങ്ങിയ കൂരയിൽ പകൽ കടുത്ത ചൂടും രാത്രി നല്ല തണുപ്പും അനുഭവപ്പെടുന്നതിനാൽ ആരോഗ്യമുള്ള വ്യക്തിക്കുപോലും കിടന്നുറങ്ങാനാവില്ല.
ആ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളടക്കം താമസിക്കുന്നത്. പേരിനൊരു വീട് എന്നതിനപ്പുറം കിടന്നുറങ്ങാനൊരിടമായി ഈ കുടിൽ ഉപയോഗിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വൃദ്ധയായ ആദിവാസി വീട്ടമ്മയുടെ കോൺക്രീറ്റ് വീടും തകർച്ചയുടെ വക്കിലാണ്. ഏത് നിമിഷവും തകർന്നുവീഴാവുന്ന വീട് ഉപേക്ഷിച്ച് ഈ അമ്മയും പ്ലാസ്റ്റിക് കൂരയിലാണ് താമസം. ലോകം അറിയപ്പെടുന്ന ബാണാസുര സാഗർ ഡാമിനു മുൻവശത്താണ് കിടന്നുറങ്ങാൻ കൂരയില്ലാതെ ആദിവാസികൾ കഴിയുന്നത്.