കോവിഡ് ഞെരുക്കത്തിൽ മൂന്നാം വെള്ളി
text_fieldsവെള്ളമുണ്ട: രണ്ടാം കോവിഡ് തരംഗത്തിൽ ജില്ലയിലെ ഗ്രാമങ്ങൾ അടഞ്ഞതോടെ വിശ്വാസികൾക്ക് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഞെരുക്കത്തിെൻറയും നിയന്ത്രണങ്ങളുടെയും റമദാൻ. മൂന്നാം വെള്ളിയാഴ്ചയായ ഇന്നലെ ജില്ലയിലെ പല സ്ഥലങ്ങളിലെ മസ്ജിദുകളിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ജുമുഅ നമസ്കാരം നടന്നില്ല.
പള്ളികൾ വിശ്വാസികളാൽ നിറഞ്ഞ് കവിയുമായിരുന്ന വെള്ളിയാഴ്ചയാണ് ആളനക്കം കുറഞ്ഞ് കടന്നുപോയത്. ഒന്നാം തരംഗത്തിെൻറ സമയത്ത് സർക്കാറിെൻറ ഭക്ഷ്യകിറ്റുകൾ ഒരു പരിധി വരെ ആശ്വാസമായിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമായതോടെ പ്രതിസന്ധിയിലാണ് പല കുടുംബങ്ങളും. ഇതര ജില്ലകളിൽനിന്ന് റമദാൻ കിറ്റുകളുടെ വരവ് നിലച്ചതോടെ ഇത്തവണ ജില്ലയിൽ ഞെരുക്കത്തിെൻറ റമദാനാണ്. പ്രതീക്ഷയോടെ കാത്തിരുന്ന റമദാന് മാസത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ കോവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചുനിൽക്കുകയാണ് വിശ്വാസികൾ.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികൾ ദുരിതത്തിലായതും സമീപ ജില്ലകൾ കോവിഡ് പിടിയിലായതും റമദാനിൽ വിവിധ സംഘടനകൾ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് മുൻ വർഷങ്ങളിൽ ജില്ലയിലേക്ക് റിലീഫ് കിറ്റുകൾ എത്തിയിരുന്നത്. റമദാൻ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ചില കേന്ദ്രങ്ങളിൽ മാത്രമാണ് ഇഫ്താര്‍ കിറ്റുകള്‍ കാര്യമായി വിതരണം നടന്നത്. ഒരാഴ്ചക്കുള്ളിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ടതോടെ പെരുന്നാളും ഞെരുക്കത്തിേൻറതാവും. റമദാനിൽ പള്ളികളിൽ ഒരുക്കുന്ന നോമ്പുതുറയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഇല്ലാതായി.