ഉന്നതിയിൽ വെള്ളമില്ല, സ്കൂളിൽ എത്താനാകാതെ കുട്ടികൾ
text_fieldsവെള്ളമുണ്ട: വെള്ളം തന്നാൽ സ്കൂളിൽ പോകാമെന്ന് ആദിവാസി വിദ്യാർഥികൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലയാണ കുന്നുമ്മലങ്ങാടിയിലെ കരിങ്കുറ്റി പണിയ ഉന്നതിയിലെ വിദ്യാർഥികളാണ് വീട്ടിൽ വെള്ളം ഇല്ലാത്തതിനാൽ പഠിത്തം നിർത്തിയത്. സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഈ ഉന്നതിയിലെ നല്ലൊരു ശതമാനം വിദ്യാർഥികളും വിദ്യാലയങ്ങളിൽ പോയിട്ടില്ല.
കുടിക്കാനും കുളിക്കാനും അലക്കാനും വെള്ളം ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് അവർ പറയുന്നു. തരുവണ നടയ്ക്കലിലെ കൂവണ ഉന്നതിയിൽനിന്ന് മാറ്റിപാർപ്പിച്ച 38 വീടുകളാണ് ഇവിടെയുള്ളത്.
കോടികൾ മുടക്കി പുനരധിവസിപ്പിച്ച ഉന്നതിയിൽ എല്ലാ വീടുകളിലും പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം ആവശ്യത്തിന് എത്തുന്നില്ല. ചെറിയ കുടിവെള്ള പദ്ധതിയിൽനിന്ന് പകുതി കുടുംബങ്ങൾക്ക് പോലും വെള്ളം ലഭിക്കാറില്ല. ഇതോടെ പകുതിയിലധികം കുടുംബങ്ങളും ഇവിടെനിന്ന് താമസം മാറി. വേനൽ കടുത്ത സമയത്ത് വാഹനത്തിൽ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു. ഇതോടെ ആറും ഏഴും അംഗങ്ങളുള്ള വീടുകളിൽ വെള്ളം തികയാതെ ഇവർ ദുരിതം പേറുകയാണ്. ദൂരെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്നാണ് പ്രാഥമിക ആവശ്യത്തിനുള്ള വെള്ളം തലച്ചുമടായി എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

