നാട്ടിപ്പണിയും കൊയ്ത്തുമായി ഈ അമ്മമാർ
text_fields
മൊതകര വയലിലെ നാട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസി അമ്മമാർ
വെള്ളമുണ്ട: കോവിഡ് പ്രതിസന്ധിക്കിടയിലും വയലിലെ കൃഷിപ്പണികൾ ആദിവാസികൾക്ക് സ്വന്തം. പരമ്പരാഗതമായി കൃഷി മേഖലയിൽ അനുഭവസമ്പത്തുള്ള ആദിവാസികളാണ് ഇപ്പോഴും പൊതു കൂട്ടായ്മയും വിവിധ വകുപ്പുകളും നടത്തുന്ന നെൽകൃഷിയിൽ കൃത്യമായി വിളയിറക്കാനും വിളവെടുക്കാനും സഹായിക്കുന്നത്. നാട്ടിപ്പണിയും കൊയ്ത്തും ഇപ്പോഴും ഈ അമ്മമാരാണ് നടത്തുന്നത്. മറ്റുള്ളവരുടെ കൃഷിപ്പണിക്ക് കൃത്യമായി എത്തുകയും കൂട്ടത്തിൽ സ്വന്തമായി നെൽകൃഷി നടത്തുകയും ചെയ്യുന്ന ആദിവാസികൾ ഏറെയുണ്ട്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് കോളനിയിലെ ആദിവാസി അമ്മമാരുടെ നെൽകൃഷി എന്നും വേറിട്ട മാതൃകയാണ്. അമൃത ആദിവാസി ഫാർമേഴ്സ് ഗ്രൂപ് എന്ന പേരിൽ കഴിഞ്ഞ നാലു വർഷത്തിലധികമായി ഇവർ നെൽകൃഷി ചെയ്യുന്നുണ്ട്. മൊതക്കര വയലിലെ ആറു ഏക്കറിലാണ് ഒടുവിൽ കൃഷിയിറക്കിയത്. ഇതേ മാതൃകയിൽ കൃഷിയിറക്കുന്ന ആദിവാസി ഗ്രൂപ്പുകൾ നിരവധിയാണ്.
പാട്ടത്തിനെടുത്ത ഭൂമിയിൽ ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെയാണ് പലരും കൃഷിയിറക്കുന്നത്.
സ്വസ്ഥമായ ഉറക്കംപോലും ഇല്ലാത്ത ദിവസങ്ങളായിരുന്നിട്ടും അന്നം തരുന്ന കൃഷി കൈവിടാൻ ഇവർ തയാറായില്ല. അന്യെൻറ വയലിൽ കൂലിപ്പണിയെടുത്തു മാത്രം ശീലമുള്ളവരാണ് വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പണിയർ. ഇതിന് തിരുത്ത് നൽകി മാതൃകയാവുകയാണ് ആദിവാസി അമ്മമാർ. സ്വന്തമായി നിലം ഒരുക്കി, വിത്തിറക്കി, ഞാറുനട്ട് പരിപാലിച്ച് വന്നപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഇവർ പണിക്കിറങ്ങിയത്.
എന്നാൽ, നല്ല വിളവും അനുകൂല കാലാവസ്ഥയും ഇവരുടെ വിളവെടുപ്പിന് സന്തോഷമേകാറുണ്ട് പലപ്പോഴും. കൂലിപ്പണിക്കുപോയി തിരിച്ചുവന്നും പണിക്ക് പോകുന്നതിനു മുേമ്പ പുലർച്ച ഇറങ്ങിയും മറ്റുമാണ് കൃഷിപ്പണി നടത്തുന്നത്.
ചെറിയ കുട്ടികളടക്കം അമ്മമാർക്ക് സഹായമായി നിന്നു. കൊട്ടും കുരവയും ബഹളങ്ങളൊന്നുമില്ലാതെ കൃഷി തുടരുന്നു. കൊയ്ത നെല്ലും പുല്ലും മുഴുവൻ ഇവർക്ക് സ്വന്തം എന്നത് ഒരു ജനവിഭാഗത്തിന് കരുത്താവുന്നു.