ബാണാസുര നിറഞ്ഞിട്ടും തോരാതെ കണ്ണീർജീവിതങ്ങൾ
text_fieldsവെള്ളമുണ്ട: കേരളത്തിലെ പ്രധാന ടൂറിസ കേന്ദ്രങ്ങളിലൊന്നായ ബാണാസുര ഡാമിൽ സഞ്ചാരികളെ ആകർഷിക്കാൻ കോടികൾ ഒഴുക്കുമ്പോൾ ഡാമിെൻറ മുൻവശത്തെ കോളനിയിലെ ചോരുന്ന കൂരകൾ അധികൃതർ കാണുന്നില്ല. ഡാം നിർമാണത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളാണ് രണ്ടു പതിറ്റാണ്ടിനു ശേഷവും പുനരധിവാസ ഭൂമിയിൽ ദുരിതജീവിതം നയിക്കുന്നത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കൂവിലതോട് പണിയ കോളനിയിലെ ആദിവാസികളാണ് പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്.
ഡാമിെൻറ പ്രധാന ഗേറ്റിനു മുൻവശത്തായി ഷട്ടറിനോട് ചേർന്നുള്ള കോളനിയാണിത്. 76 വയസ്സുള്ള വെളിച്ചിയും മകനും മക്കളും താമസിക്കുന്ന കൂര ആരിലും സങ്കടമുയർത്തും. കാറ്റടിച്ചാൽ പറന്നുപോകുന്ന ഇവിടെ നാലും അഞ്ചും ജീവിതങ്ങൾ ഒറ്റമുറിയിൽ വെള്ളം കിനിയുന്ന നിലത്താണ് കിടക്കുന്നത്.
ഗോപി, ശ്രീധരൻ തുടങ്ങിയവരുടെ വീടുകളും ചോർന്നൊലിക്കുന്നവയാണ്. പുതുതായി നിർമിച്ച വീടുകൾപോലും വാസയോഗ്യമല്ലെന്ന് കോളനിവാസികൾ പറയുന്നു.
നാടിെൻറ വികസനത്തിനായി മുൻനിരയിൽ എടുത്തുകാണിക്കാൻ കഴിയുന്ന വലിയ പദ്ധതിയായി ബാണാസുര സാഗർ മാറിയെങ്കിലും ഡാമിന് മുന്നിലെ ദുരിതജീവിതങ്ങൾക്ക് മാറ്റമില്ല. കിടപ്പാടം ഇല്ലാത്തവർ ഇനിയുമുണ്ട്. രണ്ടും മൂന്നും സ്ഥലത്തേക്ക് വർഷങ്ങൾക്കിടയിൽ മാറ്റിപ്പാർപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ ഇന്നും പരാധീനതകൾക്ക് നടുവിലാണ്.
വ്യത്യസ്ത സംസ്കാരമുള്ള വിഭാഗങ്ങളെ ഒരേ കോളനിയിലേക്ക് മാറ്റിയതിെൻറ പൊല്ലാപ്പ് സമീപത്തെ അംബേദ്കർ കോളനിയിലടക്കം ആദിവാസികൾ നേരിടുന്നു.