വന്യമൃഗങ്ങൾ വിഹരിക്കുന്ന മലമുകളിൽ ആദിവാസി അമ്മമാരുടെ കൃഷിഗാഥ
text_fieldsവാളാരംകുന്ന് കോളനിയിലെ ആദിവാസി സ്ത്രീ വിളവെടുത്ത ഇഞ്ചി ഉണക്കാനിടുന്നു
വെള്ളമുണ്ട: അന്യെൻറ വയലിൽ കൂലിപ്പണിയെടുത്ത് മാത്രം ശീലമുള്ളവരാണ് വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പണിയർ. ഇതിന് തിരുത്ത് നൽകി മാതൃകയാവുകയാണ് വെള്ളമുണ്ടയിലെ ആദിവാസി അമ്മമാർ. ബാണാസുര മലഞ്ചെരുവിലെ വാളാരംകുന്ന് മലയിലെ സ്വന്തം തോട്ടങ്ങളിൽ വിവിധ കൃഷിയിറക്കി വിജയം കൊയ്യുകയാണിവർ.
കുടിവെള്ളത്തിനടക്കം പ്രയാസമുള്ള പ്രദേശത്താണ് കോളനിയോട് ചേർന്ന് കൃഷിയിറക്കിയത്. മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന തുടങ്ങി വിവിധയിനം വിളകളാണ് ഉൽപാദിപ്പിക്കുന്നത്. ഇത്തവണ നല്ല വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആദിവാസി സ്ത്രീകൾ. സ്വന്തമായി നിലം ഒരുക്കി, വിത്തിറക്കി, പരിപാലിച്ച് വന്നപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഇവർ പണിക്കിറങ്ങിയത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന ഭൂമിയായതിനാൽ വിളവ് ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ, നല്ല വിളവും അനുകൂല കാലാവസ്ഥയും ഇവരുടെ വിളവെടുപ്പിന് സന്തോഷമേകി. കൂലിപ്പണിക്കു പോയി തിരിച്ചു വന്നും പണിക്ക് പോകുന്നതിനുമുമ്പേ പുലർച്ചെ ഇറങ്ങിയും മറ്റുമാണ് കൃഷിപ്പണി നടത്തിയത്. ചെറിയ കുട്ടികളടക്കം അമ്മമാർക്ക് സഹായമായിനിന്നു. നല്ല വിളവാണ് ലഭിച്ചതെന്ന് ആദിവാസികൾ പറയുന്നു. മഞ്ഞളും ഇഞ്ചിയും വാങ്ങാൻ നിരവധി പേരെത്തുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
ജന്മിയുടെ വയലിൽ കൂലിപ്പണിയെടുത്ത് ഒടുക്കം കിട്ടുന്ന ഒരു പിടി നെല്ലുമായി കൂരകളിലേക്ക് പോയ മുൻഗാമികളുടെ ഓർമകൾക്കു മുന്നിൽ ഭൂമിയുടെ ഉടമകളാവുന്ന കാഴ്ചകളാണ് പുതിയ തലമുറയിലൂടെ കാലം സമ്മാനിക്കുന്നത്.