തെരുവുനായ്ക്കൾ ഓടിച്ചു; കുട്ടികൾക്ക് വാഹനം തട്ടി പരിക്ക്
text_fieldsവെള്ളമുണ്ട: രാവിലെ മദ്റസയിലേക്ക് പോയ വിദ്യാർഥികളെ തെരുവുനായ്ക്കൾ ഓടിച്ചു. ഭയന്നോടിയ കുട്ടികൾ വാഹനങ്ങൾക്ക് മുന്നിൽപെട്ട് പരിക്കേറ്റു. വെള്ളമുണ്ട പഞ്ചായത്തിലെ ഏഴേ നാലിലാണ് സംഭവം. ഏഴാംമൈൽ എടപ്പാറ ജാഫറിന്റെ മക്കളായ റിഫ, റിൻഷ ഫാത്തിമ, ഹിദാഷ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിയ കുട്ടികൾ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ടൗണുകളിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. റോഡും ഒഴിഞ്ഞ കെട്ടിടങ്ങളും താവളമാക്കിയ നായ്ക്കൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. രാവിലെ മദ്റസകളിലേക്കു വരുന്ന വിദ്യാർഥികൾ തെരുവുനായകളുടെ ആക്രമണത്തിന് ഇരയാവുന്നത് പതിവാണ്. സ്കൂൾ വിദ്യാർഥികൾക്കും നായ് ശല്യം ഭീഷണിയാകുന്നുണ്ട്. റോഡിലൂടെ നായ്ക്കൾ തലങ്ങുംവിലങ്ങും ഓടുന്നത് വാഹന യാത്രക്കാർക്കും ദുരിതമാണ്. നായ്ക്കൾ വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ കൊന്നുതിന്നുന്നതും പതിവായി. കട്ടയാട് പ്രദേശത്തെ വിവിധ വീടുകളിൽ നിന്ന് നിരവധി കോഴികളെ കഴിഞ്ഞ ദിവസങ്ങളിൽ നായ്ക്കൾ കൊണ്ടുപോയിരുന്നു.