കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ; ടാറിങ് തീരുംമുമ്പെ റോഡ് തകർന്നുതുടങ്ങി
text_fieldsപുളിഞ്ഞാൽ റോഡിലെ ടാറിങ് ഇളകിയ ഭാഗം നാട്ടുകാർ പരിശോധിക്കുന്നു
വെള്ളമുണ്ട: നിർമാണ പ്രവൃത്തി പൂർണമായും തീരും മുമ്പെ റോഡ് തകർന്നു തുടങ്ങി. ദുരിതംപേറി നാട്ടുകാർ. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ-മൊതക്കര- തോട്ടോളിപ്പടി റോഡാണ് ടാറിങ് പ്രവൃത്തികൾ മുഴുവൻ തീരും മുമ്പ് തകർന്നത്.
ടാർ ചെയ്ത ഭാഗത്തെ ചിപ്സുകൾ ഇളകിതുടങ്ങിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത നിർമാണമെന്നാണ് പരാതി. മൊതക്കര മുതൽ തേട്ടോളിപ്പടി വരെ ടാർ ചെയ്ത ഭാഗമാണ് തകർന്നത്. നിർമാണത്തിലെ അപാകതയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസന സമിതി സബ് കലക്ടർക്ക് പരാതി നൽകി.
അശാസ്ത്രീയ നിർമാണ പ്രവൃത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണി പൂർത്തിയാകാത്തതിനാൽ കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ പ്രധാന ടൗണുകളിലെത്തുന്നത്. പൊടിനിറഞ്ഞ റോഡിൽ വാഹന ഗതാഗതം ദുഷ്കരമായതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരമുള്ള റോഡ് നിർമാണമാണ് ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്നത്. വെള്ളമുണ്ട ടൗണിൽനിന്ന് തുടങ്ങി എട്ട് കിലോമീറ്റർ റോഡാണ് 10 മീറ്റർ വീതിയിൽ നിർമിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങൾ പൊളിച്ചശേഷം നിർമാണ സാമഗ്രികൾ ഇറക്കി പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. എങ്കിലും ഒരു ഭാഗത്ത് പോലും പൂർണമായും നിർമാണം പൂർത്തിയായിട്ടില്ല. കാൽനടപോലും അസാധ്യമായ നിലയിലാണ്.
റോഡ് നിർമാണം വേഗത്തിൽ തീർക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതരും അവഗണിക്കുകയാണ്. പരാതി വ്യാപകമായതോടെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് മുമ്പ് കരാറുകാരനെ വിളിച്ച് ചർച്ച നടത്തുകയും വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്.
നിർമാണം കഴിഞ്ഞ ഭാഗങ്ങൾ ഒരു മാസത്തിനകം തകർന്നതോടെ കോടികൾ പാഴായി. അഴിമതി നിറഞ്ഞതാണ് നിർമാണ പ്രവൃത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര പദ്ധതിയായതിനാൽ നടപടിയുണ്ടായിട്ടില്ല. ഡൽഹിയിൽനിന്ന് നേരിട്ടാണ് ഈ പദ്ധതി കൈകാര്യം ചെയ്യുന്നത് എന്നതും തിരിച്ചടിയാകുന്നു.