പുളിഞ്ഞാൽ കുടിവെള്ള പദ്ധതിക്ക് ഭീഷണിയായി സാമൂഹികവിരുദ്ധർ
text_fieldsപുളിഞ്ഞാൽ കുടിവെള്ള പദ്ധതി ടാങ്കിനു മുകളിൽ
വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ
വെളളമുണ്ട: പുളിഞ്ഞാൽ കുടിവെള്ള പദ്ധതിക്ക് ഭീഷണിയായി മദ്യപരുടെ അഴിഞ്ഞാട്ടം. പദ്ധതിയുടെ ജലസംഭരണിക്ക് മുകളിൽ പൊട്ടിച്ചിടുന്ന മദ്യക്കുപ്പികൾ ആരോഗ്യ ഭീഷണി ഉയർത്തുകയാണ്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് മുകളിൽ മദ്യപർ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാർ പറയുന്നു.
സദാസമയവും വെള്ളം ഒഴുകുന്ന ടാങ്കും പരിസരവും മദ്യപാനത്തിന് പറ്റിയ ഇടമായി മാറ്റുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പദ്ധതിയാണിത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ പുളിഞ്ഞാൽ കുടിവെള്ള പദ്ധതി ഒരു വർഷത്തിലധികമായി പ്രവർത്തനം താറുമാറായി കിടക്കുകയാണ്. വെള്ളമുണ്ട, പുളിഞ്ഞാൽ റോഡ് നിർമാണത്തിനായി ഒരു വർഷം മുമ്പാണ് പദ്ധതി പ്രവർത്തനം താത്കാലികമായി നിർത്തിയത്.
വീതികൂട്ടൽ പ്രവൃത്തി കഴിഞ്ഞാൽ ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണമായി പുന:സ്ഥാപിക്കാനായിട്ടില്ല. റോഡ് നിർമാണത്തിലെ അലംഭാവമാണ് കുടിവെള്ള പദ്ധതി മുടങ്ങാനിടയാക്കിയത്.
വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 2000ത്തോളം ഉപഭോക്താക്കളുള്ള ബൃഹത് പദ്ധതിയാണിത്. ബാണാസുരമലയിലെ പ്രകൃതിദത്ത നീർച്ചാൽ ഉപയോഗിച്ച് രണ്ട് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം വരെ കടുത്ത വേനലിലടക്കം നന്നായി പ്രവർത്തിച്ചിരുന്നു.
പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം വെള്ളത്തിന് ആശ്രയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥ കാരണം താളംതെറ്റുന്നത്. പ്രധാന ടാങ്കിന് മുകളിൽ കുപ്പികൾ പൊട്ടിച്ചും മദ്യകുപ്പി വലിച്ചെറിഞ്ഞും ചിലരുടെ അഴിഞ്ഞാട്ടം കൂടിയായതോടെ പദ്ധതി ആശങ്കയിലാവുകയാണ്.