നോക്കുകുത്തിയായി പുളിഞ്ഞാൽ കുടിവെള്ള പദ്ധതി
text_fieldsപുളിഞ്ഞാൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക്
വെള്ളമുണ്ട: റോഡ് നിർമാണത്തിന്റെ പേരിൽ മുടങ്ങിയ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാൻ നടപടിയില്ല. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ പുളിഞ്ഞാൽ കുടിവെള്ള പദ്ധതിയാണ് പ്രവർത്തനം നിലച്ചത്. വെള്ളമുണ്ട, പുളിഞ്ഞാൽ റോഡ് നിർമാണത്തിനായി ഒരു വർഷം മുമ്പാണ് പദ്ധതി പ്രവർത്തനം താൽകാലികമായി നിർത്തിയത്.
വീതികൂട്ടൽ കഴിഞ്ഞാൽ ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അനക്കമില്ലാതെ കിടക്കുകയാണ്. റോഡ് നിർമാണത്തിലെ അലംഭാവമാണ് കുടിവെള്ള പദ്ധതി മുടങ്ങാനിടയാക്കിയത്. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 2000ത്തോളം ഉപഭോക്താക്കളുള്ള ബൃഹത് പദ്ധതിയാണിത്.
ബാണാസുര മലയിലെ പ്രകൃതിദത്ത നീർച്ചാൽ ഉപയോഗിച്ച് രണ്ട് പതിറ്റാണ്ടുമുമ്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം വരെ കടുത്ത വേനലിലടക്കം നന്നായി പ്രവർത്തിച്ചിരുന്നു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം വെള്ളത്തിന് ആശ്രയിച്ചിരുന്ന പദ്ധതിയാണിത്.
ലക്ഷങ്ങൾ മുടക്കിയ പദ്ധതികൾ ഉപകാരമില്ലാതെ കിടക്കുമ്പോൾ പുതിയ പദ്ധതികളാവിഷ്കരിച്ച് സർക്കാർ ഫണ്ട് തീർക്കുന്ന അധികൃത നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പദ്ധതിയുടെ തടസ്സങ്ങൾ കടുത്ത വേനലിന് മുമ്പ് പരിഹരിച്ച് ജല വിതരണം സുഗമമാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.