വാഗ്ദാനങ്ങൾ പ്രഹസനമായി; റോഡ് പഴയതുപോലെ തന്നെ
text_fieldsഎട്ടേനാൽ-മുണ്ടക്കൽ റോഡിലെ മധ്യഭാഗത്തെ മൺറോഡ്
വെള്ളമുണ്ട: രണ്ടറ്റങ്ങളും ടാർ ചെയ്ത റോഡിെൻറ മധ്യഭാഗം മാത്രം നന്നാക്കാൻ നടപടിയില്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടേനാൽ-മുണ്ടക്കൽ ആദിവാസി കോളനി റോഡിെൻറ വികസനമാണ് വാഗ്ദാനങ്ങളിലൊതുങ്ങുന്നത്. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വോട്ട് ഉറപ്പിക്കാൻ നൽകുന്ന വാഗ്ദാനങ്ങൾ മാറി മാറി വന്ന ഭരണകർത്താക്കൾ പാലിച്ചില്ലെന്ന് ആദിവാസികൾ പറയുന്നു.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റോഡിെൻറ രണ്ടറ്റങ്ങളും ടാർ ചെയ്തിട്ടുണ്ട്. എന്നാൽ, മധ്യഭാഗത്തെ കുറഞ്ഞ ഭാഗം ഇപ്പോഴും സോളിങ് പോലും നടത്താതെ ശോച്യാവസ്ഥയിലാണ്. മഴക്കാലത്ത് മുട്ടൊപ്പം ചളി നിറയുന്ന മൺറോഡിൽ വേനൽക്കാലത്ത് മാത്രമാണ് വാഹന ഗതാഗതം നടത്താൻ കഴിയുന്നത്.
മഴക്കാലത്ത് ചളിയിലൂടെ നടന്നാണ് വിദ്യാർഥികളടക്കം പോകുന്നത്. റോഡിലെ കൽവർട്ട് നിർമാണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായ തർക്കത്തെ തുടർന്ന് മധ്യഭാഗം ഒഴിവാക്കി ഇരുവശത്തും ടാറിങ് പൂർത്തിയാക്കുകയായിരുന്നു. നൂറുകണക്കിന് ആദിവാസി കുടുംബങ്ങളും പ്രദേശവാസികളും ഉപയോഗിക്കുന്ന റോഡാണ് അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയമായതിനാൽ ഇത്തവണയും റോഡ് ഗതാഗതയോഗ്യമാക്കുമെന്ന പതിവു വാഗ്ദാനങ്ങളുമായി മുന്നണികൾ രംഗത്തുണ്ട്. വാഗ്ദാനങ്ങൾക്കപ്പുറത്ത് റോഡ് എപ്പോൾ നന്നാവും എന്ന ചോദ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

