അനാസ്ഥയുടെ നേർക്കാഴ്ചയായി തകർന്ന പൈപ്പുകൾ: കുടിവെള്ളമില്ലാതെ അരീക്കര കോളനി ആദിവാസി കുടുംബങ്ങൾ
text_fieldsഅരീക്കര ആദിവാസി കോളനിയിലെ വെള്ളമില്ലാത്ത പൈപ്പ്
വെള്ളമുണ്ട: വരൾച്ചയുടെ കെടുതിയിലേക്ക് നാട് ഉണങ്ങുമ്പോൾ അനാസ്ഥയുടെ നേർക്കാഴ്ചയായി തകർന്ന പൈപ്പുകൾക്കു മുന്നിൽ കുടിവെള്ളമില്ലാതെ ദുരിതം പേറി ആദിവാസി കുടുംബങ്ങൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറുവാൾ അരീക്കര കോളനിയിലാണ് സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടും കുടിവെള്ളത്തിനായി ആദിവാസികൾ നെട്ടോട്ടമോടുന്നത്.
രണ്ട് കിണറുകളും ജലനിധിയുടെ പൈപ്പും മുമ്പ് സ്ഥാപിച്ച കുടിവെള്ള സംവിധാനവും എല്ലാം നിലവിലുണ്ടെങ്കിലും കുടിവെള്ളത്തിന് പുറത്തു പോകേണ്ട അവസ്ഥയാണ്. വീടുകൾ നിർമിക്കാൻ വാഹനങ്ങളും ജെ.സി.ബിയും കയറിയപ്പോഴാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പല ഭാഗത്തും തകർന്നത്.
നിർമാണ പ്രവൃത്തിക്കുശേഷം പദ്ധതി പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആദിവാസികൾ പറയുന്നു. 2018ലെ പ്രളയത്തിൽ തകർന്ന കിണർ പുനർനിർമിക്കാനും ഇതുവരെ നടപടി ഉണ്ടായില്ല. നിലവിൽ കോളനിയിലെ ഏക കിണറിൽനിന്ന് ലഭിക്കുന്ന ചെറിയതോതിലുള്ള വെള്ളം മാത്രമാണ് 40 ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയം.
തലച്ചുമടായി വെള്ളം എത്തിക്കുന്ന സ്ത്രീ
വേനൽ കടുത്തതോടെ ഈ വെള്ളവും വറ്റി. രാവിലെ കൂലിപ്പണിക്ക് പോകുന്ന കുടുംബങ്ങൾ രാത്രി തിരിച്ചെത്തി സമീപത്തെ വയലിൽ ഇറങ്ങി സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്ന് വെള്ളം എടുത്താണ് കാര്യങ്ങൾ നിർവഹിക്കുന്നത്. കഴിഞ്ഞ വർഷവും വേനൽക്കാലത്ത് കുടിവെള്ളമില്ലാതെ ആദിവാസികൾ നെട്ടോട്ടമോടിയ അവസ്ഥ ഉണ്ടായിരുന്നെങ്കിലും നടപടികൾ വാഗ്ദാനങ്ങളിൽ ഒതുങ്ങുകയായിരുന്നു.
ആദിവാസി കോളനികളിലെ വെള്ളമില്ലാത്ത കുടിവെള്ള പൈപ്പുകളും ലക്ഷങ്ങൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതികളുടെ വെള്ള വിതരണ പൈപ്പുകളും കോളനി മുറ്റങ്ങളിൽ സ്ഥാപിച്ച ടാപ്പുകളുമാണ് വർഷങ്ങളായി ഉപയോഗമില്ലാതെ നശിക്കുന്നത്.