ഞങ്ങളെയും കേൾക്കണം; ആദിവാസികളുടെ ശബ്ദവും ഉയരുന്നു
text_fieldsവെള്ളമുണ്ട എടത്തിൽ ഉന്നതിയിലെ അപകട നിലയിലുള്ള വീടുകൾ
വെള്ളമുണ്ട: പതിവിൽനിന്ന് വ്യത്യസ്തമായി ആദിവാസികളുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള വൻ ശ്രമവുമായി മുന്നണികൾ. മുൻ തെരഞ്ഞെടുപ്പുകളിൽ അവഗണിക്കപ്പെട്ട കോളനികളിലടക്കം പരമാവധി നേരിട്ടുചെന്ന് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥികൾ. എന്നാൽ, ജില്ലയിലെ ആദിവാസി ഉന്നതികളിൽ മിക്കതും പരാധീനതകൾക്ക് നടുവിലാണ്. ഞങ്ങളുടെ ആവശ്യങ്ങൾക്കും മുന്നണികൾ ചെവികൊടുക്കണമെന്നും അല്ലാതെ വോട്ടുചോദിക്കാൻ മാത്രം ഇങ്ങോട്ട് വരരുതെന്നുമാണ് ഉന്നതികൾ പറയുന്നത്.
ഇടത്, വലത് സ്ഥാനാർഥികൾക്കും ബി.ജെ.പിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ എത്തിപ്പെടാനാവാത്ത കോളനികളിലടക്കം സമയം കണ്ടെത്തി പ്രചാരണവും വോട്ടഭ്യർഥനയും നടത്തുന്നു. ടൗണുകളിലും സമീപ ഗ്രാമങ്ങളിലും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വനത്തോട് ചേർന്ന കോളനികളിലും മലമുകൾ പ്രദേശങ്ങളിലും താമസിക്കുന്നവരിൽ പലരും തെരഞ്ഞെടുപ്പു ആരവങ്ങളൊന്നുമറിയാതെ പതിവുജീവിതം നയിക്കുന്നുണ്ട്. വാഹന സൗകര്യമുള്ള റോഡില്ലാത്തതാണ് ഇത്തരം പ്രദേശങ്ങൾ അവഗണിക്കപ്പെടാൻ ഇടയാക്കുന്നത്. വനാശ്രിത ആദിവാസി ഗ്രാമങ്ങളിലെ കോളനികളിൽ പലഭാഗത്തും ഒരു തെരഞ്ഞെടുപ്പുകളിലും പ്രധാന നേതാക്കളും സ്ഥാനാർഥികളും എത്താറില്ല.
അതുകൊണ്ടുതന്നെ വികസനവും ഇവർക്ക് അന്യമാണ്. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും ഉന്നതികളിലെ പരാധീനതകൾ പറഞ്ഞ് മടുത്തവരാണ് ഇവർ. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തരം പ്രദേശങ്ങളിൽ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ സജീവമാക്കിയതായും നാട്ടുകാർ പറയുന്നു. അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനം വന്നെങ്കിലും ആദിവാസി ഉന്നതികളുടെ ഉന്നമനം പ്രതീക്ഷിച്ചപോലെ ഉയർന്നിട്ടില്ലെന്ന് മുമ്പ് ട്രൈബൽ പ്രമോട്ടറായിരുന്ന സുരേഷ് പറഞ്ഞു.
മലക്കാലമായാൽ ഇന്നും ചക്കയും താളും കാട്ടുകിഴങ്ങുകളുമാണ് അവരുടെ പട്ടിണി അകറ്റുന്നത്. അരി സൗജന്യമാണെങ്കിലും ഒന്നിച്ച് ഒറ്റക്കുടിലിൽ കഴിയുന്ന വലിയ കുടുംബത്തിന് ആ അരി പലപ്പോഴും തികയാറില്ല. ഇടക്ക് കിറ്റ് കിട്ടുന്ന കാലം ഒഴിച്ചുനിർത്തിയാൽ മറ്റുസമയങ്ങളിൽ പോഷകസമൃദ്ധമായ കറിയും ബഹുഭൂരിപക്ഷം പണിയ ഉന്നതികളിലുമില്ല. കിടപ്പാടങ്ങൾക്ക് അനുവദിക്കുന്ന കോടികൾ കരാറുകാരന് ഗുണ്ട് ചെയ്യുന്ന പദ്ധതികളുമാണ്. തറയിലും ചുമരിലും ഒതുങ്ങിയ ആയിരക്കണക്കിന് വീടുകളുണ്ട് ജില്ലയിലെ വിവിധ ഉന്നതികളിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

