പുനരധിവാസം; കരാറുറപ്പിക്കാൻ ആർത്തിപൂണ്ട്
text_fieldsആദിവാസി പുനരധിവാസത്തിനുള്ള സ്ഥലമെടുപ്പുപോലും പൂർത്തിയായിട്ടില്ലെങ്കിലും വീട് നിർമാണത്തിനുള്ള കരാർ നടപടി ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിൽ മലമുകളിൽ തകർക്കുകയാണ്. സ്ഥലമെടുപ്പ് നടപടി അനിശ്ചിതത്വത്തിൽ തുടരുകയാണെങ്കിലും പുതിയ സ്ഥലത്തെ വീടുനിർമാണം തരപ്പെടുത്തുന്നതിന് കരാറുകാർ കോളനി വീടുകൾ കയറിയിറങ്ങുന്നത് കൗതുകക്കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഒരു കരാറുകാരൻ ഓരോ വീട്ടിലും കയറി റേഷൻ-ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പി വാങ്ങിയത് വിവാദത്തിലായി. മുമ്പും പല കരാറുകാരും നിർമാണപ്രവൃത്തി ഏൽപിക്കണം എന്ന് ആവശ്യപ്പെട്ട് ആദിവാസികളെ സമീപിച്ചിരുന്നു.
വാളാരംകുന്ന്, പെരുങ്കുളം മലനിരകളിൽ നിന്ന് 82 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സ്ഥലമെടുപ്പും വീട് നിർമാണവുമായി കോടികളുടെ പദ്ധതിയാണ് വരാൻ പോകുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചരടുവലികളുമായി രംഗത്തുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലമുകളിൽ നടന്ന വികസന ക്ഷേമപദ്ധതികളിൽ പലതും അധികൃതരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിെൻറ നേർകാഴ്ചകളായിരുന്നു. വീടുണ്ടെങ്കിലും കിടന്നുറങ്ങണമെങ്കിൽ പ്ലാസ്റ്റിക് കൂരകളാണ് ആശ്രയം. ട്രൈബൽ വകുപ്പിെൻറ മേൽനോട്ടത്തിൽ നിർമിച്ച കോൺക്രീറ്റ് വീടുകളിൽ പലതും ചോരുന്നു. ചില വീടുകൾക്കാകട്ടെ വാതിലുകൾ പോലുമില്ല. അനുവദിച്ച പണം മുഴുവൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരാറുകാരൻ വാങ്ങി മുങ്ങിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിൽ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ കിടന്നുറങ്ങേണ്ടിവരുന്നു.
2015-16 സാമ്പത്തിക വർഷത്തിെൻറ തുടക്കത്തിലാണ് പ്രത്യേക ട്രൈബൽ ഫണ്ട് വകയിരുത്തി വാളാരംകുന്ന് കോളനിയിൽ 16 വീടുകൾക്ക് പണം അനുവദിച്ചത്.
മൂന്നര ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്. ഇതിൽ എട്ട് വീടുകളുടെ പണി ആദിവാസികൾ നേരിട്ട് നടത്തി. ബാക്കി കരാറുകാരനെ ഏൽപിച്ചു. ആദിവാസികളുടെ മേൽനോട്ടത്തിൽ നിർമിച്ച വീടുകളുടെ പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞാണ് കരാറുകാരൻ ഏറ്റെടുത്ത വീടുകൾ പൂർത്തിയായത്. തറയും ചുമരും മേൽക്കൂര വാർപ്പും നടത്തി പണവും വാങ്ങി കരാറുകാരൻ മുങ്ങിയത് അന്ന് വിവാദമായിരുന്നു. മുഴുവൻ തുകയും ആദിവാസികളെ കബളിപ്പിച്ച് കരാറുകാരൻ വാങ്ങി. വീട് കെട്ടി വാർത്ത് തേപ്പും, വയറിങ്ങും, അടുപ്പും, കക്കൂസും നിർമിച്ചാൽ മാത്രമാണ് തുക മുഴുവനായി ലഭിക്കുക. ഇതൊന്നും പരിഗണിക്കാതെ കരാറുകാരന് പണം നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചാക്കുകൊണ്ട് മറച്ചാണ് സ്ത്രീകളടക്കം താമസിക്കുന്നത്.
മൂന്നു വർഷം മുമ്പ് ചാക്ക് വാതിൽ ചവിട്ടിത്തുറന്ന് ആദിവാസി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം നടന്ന കോളനിയാണിത്. പുനരധിവാസപദ്ധതി തുടങ്ങുമ്പോഴും അതേ കരാറുകാരാണ് നിർമാണ പ്രവൃത്തിക്കായി ചരടുവലിക്കുന്നത് എന്നത് കോളനിവാസികളെ ആശങ്കയിലാഴ്ത്തുന്നു.
പുതിയപദ്ധതി നടപ്പാക്കുന്നതോടെ ചോരാത്ത, അടച്ചുറപ്പുള്ള വീടെന്ന ആദിവാസികളുടെ സ്വപ്നത്തിലേക്കാണ് അധികൃതരുടെ അനുവാദം പോലുമില്ലാതെ ചിലർ വട്ടമിടുന്നത്.
വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ മലയിറക്കി ക്വാറി-റിസോർട്ട് മാഫിയകൾക്ക് കൈയേറ്റത്തിനുള്ള സാഹചര്യം ഒരുക്കുന്നതാവരുത് പുനരധിവാസപദ്ധതിയെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.
(അവസാനിച്ചു)