നാട് കൈകോർത്തു; ജിൽസിന് ചികിത്സ ഒരുങ്ങും
text_fieldsവെള്ളമുണ്ട: കാൻസർ മൂർഛിച്ച് തുളഞ്ഞുപോയ മുഖം കണ്ണാടിയിൽ നോക്കി വിതുമ്പുന്ന ചെറുപ്പക്കാരൻ. ഇടക്ക് മുറിവിൽനിന്നു കിനിയുന്ന രക്തവും നീരും തുണിയിൽ ഒപ്പി വേദന കടിച്ചമർത്തി ഉറങ്ങാനുള്ള ശ്രമം. വയനാട് പടിഞ്ഞാറത്തറ പേരാലിൽ നിന്നാണ് കരളലിയിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം ലോകം കണ്ടത്. രോഗം മൂർഛിച്ച് ദുരിതത്തിലായ പേരാൽ സ്വദേശി ജിൽസിന്റെ അവസ്ഥ അറിഞ്ഞ പടിഞ്ഞാറത്തറ പഞ്ചായത്ത് ഇടപെട്ട് തുടർ ചികിത്സക്കുള്ള സംവിധാനം ഒരുക്കി. നാട്ടുകാരും വ്യാപാരികളും, പാലിയേറ്റിവ് പ്രവർത്തകരും, ജനമൈത്രി പൊലീസും കൈകോർത്തതോടെ, ജിൽസിന് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സ ലഭിക്കും.
പെരുമ്പാവൂർ വളയംചിറങ്ങര വെള്ളാംപൊട്ടക്കൽ വീട്ടിൽ നിന്ന് ഒരു വർഷം മുമ്പാണ് ജിൽസും അമ്മയും പടിഞ്ഞാറത്തറ പേരാലിലെ വാടക വീട്ടിലെത്തുന്നത്. കാൻസർ രോഗിയായ ജിൽസ് നാട്ടുകാരുടെയും പാലിയേറ്റിവിന്റെയും സംരക്ഷണത്തിലാണ് ഇതുവരെ ചികിത്സ നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായി രോഗം മൂർച്ഛിച്ചതോടെ ചികിത്സക്ക് വകയില്ലാതെ കുടുംബം പ്രയാസത്തിലായിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് പി. ബാലനും വാർഡ് മെംബർ നൗഷാദും വീട് സന്ദർശിച്ചു ചികിത്സക്കുള്ള നടപടികൾ സ്വീകരിച്ചു. പടിഞ്ഞാറത്തറയിലെ വ്യാപാരികളും നാട്ടുകാരും ഈ ചെറുപ്പക്കാരന്റെ അടിയന്തര ചികിത്സക്കായി ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും സ്വരൂപിച്ചിട്ടുണ്ട്. വാർഡ് മെംബർ നൗഷാദ് ചെയർമാനും തൊട്ടടുത്ത വാർഡ് മെംബർ അനീഷ് കൺവീനറുമായി ചികിത്സ കമ്മിറ്റിയും രൂപവത്കരിച്ചു.