Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightനോക്കുകുത്തികളായി...

നോക്കുകുത്തികളായി കുടിവെള്ള പദ്ധതികൾ

text_fields
bookmark_border
നോക്കുകുത്തികളായി കുടിവെള്ള പദ്ധതികൾ
cancel

വെള്ളമുണ്ട: വിവിധ കാലങ്ങളിലായി നിർമിച്ച ശേഷം ഉപേക്ഷിച്ച കുടിവെള്ള പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ലക്ഷങ്ങൾ മുടക്കിയ കുടിവെള്ള ജലസേചന പദ്ധതികളാണ് പലയിടത്തും ഉപയോഗമില്ലാതെ കിടക്കുന്നത്. കാട്ടരുവികളെ ആശ്രയിച്ച് നിർമിച്ച പദ്ധതികളിൽ ബഹുഭൂരിപക്ഷവും മഴക്കാലത്ത് വെള്ളം നൽകുന്നവയും വേനൽക്കാലത്ത് വെള്ളം ലഭിക്കാത്തവയുമാണ്. ഒരു വശത്ത് കോടികൾ പാഴായ പദ്ധതികൾ കാട്കൂടി നശിക്കുമ്പോൾ മറുവശത്ത് കോടികളുടെ പുതിയ പദ്ധതികൾ നിർമാണത്തിലാണ്.

ജലനിധി പദ്ധതിയിലും ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും നിർമിച്ച കുടിവെളള പദ്ധതികളിൽ വെള്ളം എവിടെ എന്നാണ് ചോദ്യം. കാട്ടരുവിയെ ആശ്രയിച്ചു കുടിവെള്ളമെത്തിക്കാനുളള വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശ്ശേരി കുടിവെളള പദ്ധതി, പുളിഞ്ഞാൽ പദ്ധതി, മഴുവന്നൂർ പദ്ധതി തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് കാട് മൂടി കിടക്കുകയോ പ്രവർത്തനം പാതിയായി ചുരുങ്ങുകയോ ചെയ്തിരിക്കുന്നത്. നീർച്ചാലിനു കുറുകെ നിർമിച്ച ചെക്ക്ഡാമിലേക്ക് വെള്ളമെത്താത്തതാണ് പദ്ധതി വെറുതെയാകാൻ കാരണം.

വേനൽ കനക്കുന്നതോടെ നീർച്ചാൽ മുഴുവൻ വറ്റി ഉപയോഗശൂന്യമാവും. വേനൽമഴ ലഭിച്ചാൽ പോലും താത്കാലികമായി വെള്ളം ലഭിക്കുമെന്നല്ലാതെ വേനൽക്കാലത്ത് ഈ പദ്ധതി ഉപകാരപ്പെടില്ലെന്ന് നാട്ടുകാർ പറയുന്നു. തൊണ്ടർനാട്, പടിഞ്ഞാറത്ത, വെള്ളമുണ്ട പഞ്ചായത്തുകളിലായി ഇത്തരം നിരവധി പദ്ധതികൾ ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്. പദ്ധതിക്കാവശ്യമായ ടാങ്കും കിണറും വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ച ശേഷം ഉപേക്ഷിച്ച പദ്ധതികളും നിരവധിയാണ്.

ആദിവാസി ഉന്നതികളിലടക്കം കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ വൻ പദ്ധതികളും നോക്കുകുത്തിയാണ്. വേനൽ കനക്കുന്നതോടെ വരൾച്ച നേരിടുന്ന പ്രദേശത്ത് ആശ്വാസമാവേണ്ട പദ്ധതികളാണ് അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നത്. ചിലരുടെ പ്രത്യേക താൽപര്യപ്രകാരം ഒരേ സ്ഥലത്ത് ഒന്നിലധികം കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചതും വെളളമില്ലാത്തതിന് കാരണമായിട്ടുണ്ട്. കിണറും ടാങ്കും മോട്ടോറും എല്ലാം സ്ഥാപിച്ച ശേഷം നിസ്സാര കാരണങ്ങൾ നിരത്തി ഉപേക്ഷിച്ച പദ്ധതികളും ഏറെയാണ്.

ഒരേ സ്ഥലത്ത് ഒന്നിലധികം പദ്ധതികൾ സ്ഥാപിച്ചതോടെ ആദ്യം നിർമിച്ചത് നിലക്കുകയായിരുന്നു. ചെറിയ ചില അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗയോഗ്യമാക്കാൻ കഴിയുന്നവയാണ് മിക്ക പദ്ധതികളും. എന്നാൽ, കാട് മൂടിയ പദ്ധതികളെ കാണാതെ പുതിയതിന്റെ ചർച്ചയും നടപടികളുമാണ് നടക്കുന്നതെന്ന ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsdrinking water projectWayanad
News Summary - drinking water projects are lying unused
Next Story