പദ്ധതികൾ നോക്കുകുത്തി; കുടിവെള്ളം കിട്ടാക്കനി
text_fieldsവെള്ളമുണ്ട: വിവിധ കാലങ്ങളിലായി നിർമിച്ച് ഉപേക്ഷിച്ച കുടിവെള്ള പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഓരോ പഞ്ചായത്തിലും നിരവധി കുടിവെള്ള- ജലസേചന പദ്ധതികളാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. കാട്ടരുവികളെ ആശ്രയിച്ച് നിർമിച്ച പദ്ധതികളിൽ ബഹുഭൂരിപക്ഷവും മഴക്കാലത്ത് വെള്ളം നൽകുന്നവയും വേനൽകാലത്ത് വെള്ളം ലഭിക്കാത്തവയുമാണ്. ഒരുവശത്ത് കോടികൾ ചെലവഴിച്ച പദ്ധതികൾ കാട്മൂടി നശിക്കുമ്പോൾ വേനലിൽ കുടിവെള്ളത്തിന് നെട്ടോട്ടത്തിലാണ് കുടുംബങ്ങൾ.
ജലനിധി, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച പദ്ധതികളിൽ വെള്ളം എവിടെ എന്ന ചോദ്യം ബാക്കിയാവുന്നു. കാട്ടരുവിയെ ആശ്രയിച്ചു കൊണ്ട് കുടിവെള്ളമെത്തിക്കാനുള്ള വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശ്ശേരി കുടിവെള്ള പദ്ധതി ഇവയിലൊന്ന് മാത്രമാണ്. നീർച്ചാലിനു കുറുകെ നിർമിച്ച ചെക്ക്ഡാമിലേക്ക് വെള്ളമെത്താത്തതാണ് പദ്ധതി പാഴാവാൻ കാരണം. വേനൽ കനക്കുന്നതോടെ നീർച്ചാൽ മുഴുവൻ വറ്റി ഉപയോഗശൂന്യമാവും. വേനൽമഴ ലഭിച്ചാൽ പോലും താൽകാലികമായി വെള്ളം ലഭിക്കുമെന്നല്ലാതെ വേനൽകാലത്ത് ഈ പദ്ധതി ഉപകാരപ്പെടില്ലെന്ന് നാട്ടുകാർ പറയുന്നു. തൊണ്ടർനാട്, പടിഞ്ഞാറത്ത, വെള്ളമുണ്ട പഞ്ചായത്തുകളിലായി ഇത്തരം നിരവധി പദ്ധതികൾ ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്.
വരൾച്ചയുടെ കെടുതിയിലേക്ക് നാട് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതികൾ ഉപയോഗമില്ലാതെ നശിക്കുന്നത് അധികൃതരുടെ പിടിപ്പുകേടാണെന്ന് നാട്ടുകാർ പറയുന്നു. പദ്ധതിക്കാവശ്യമായ ടാങ്കും, കിണറും വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ച ശേഷം ഉപേക്ഷിച്ച പദ്ധതികളും നിരവധിയാണ്. ആദിവാസി കോളനികളിലടക്കം കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ വൻ പദ്ധതികളും നോക്കുകുത്തിയാണ്.
പല കാലങ്ങളിലായി ചിലരുടെ പ്രത്യേക താൽപര്യപ്രകാരം ഒരേ സ്ഥലത്ത് ഒന്നിലധികം കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചതും വെള്ളമില്ലാത്തതിന് കാരണമായിട്ടുണ്ട്. കിണറും ടാങ്കും മോട്ടോറും എല്ലാം സ്ഥാപിച്ച ശേഷം നിസ്സാര കാരണങ്ങൾ നിരത്തി ഉപേക്ഷിച്ച പദ്ധതികളും ഏറെയാണ്. ആദിവാസി കോളനികളിൽ നിർമിച്ച കുടിവെള്ളപദ്ധതികളിൽ ബഹുഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. ചെറിയ ചില അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗയോഗ്യമാക്കാൻ കഴിയുന്നവയാണ് മിക്ക പദ്ധതികളും. എന്നാൽ കാടുമൂടിയ പദ്ധതികളെ കാണാതെ പുതിയതിന്‍റെ ചർച്ചയും നടപടികളുമാണ് വീണ്ടും ഉണ്ടാവുന്നത് എന്ന ആക്ഷേപമുണ്ട്.