ആ വൻമരങ്ങൾ എവിടെ?
text_fieldsബാണാസുര സാഗർ ഡാമിെൻറ വൃഷ്ടിപ്രദേശത്തെ ഉണങ്ങിനശിക്കുന്ന മരങ്ങളിലൊന്ന്
വെള്ളമുണ്ട: ബാണാസുര സാഗർ ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ അപ്രത്യക്ഷമായതിനെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. ഡാം നിർമിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയിലെ വൻമരങ്ങൾ വെള്ളത്തിൽ മുങ്ങി ഉണങ്ങിയിരുന്നു.
ഡാം നിർമാണം പൂർത്തിയായതോടെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം വെള്ളത്തിൽ മുങ്ങിയും വെള്ളത്തിനോടുചേർന്ന കരകളിലും നൂറുകണക്കിന് വൻ മരങ്ങൾ ഉണ്ടായിരുന്നു. തുടക്കത്തിൽ നല്ല ശ്രദ്ധയിൽ സംരക്ഷിച്ച മരങ്ങൾ ദിവസം ചെല്ലുന്തോറും അപ്രത്യക്ഷമാവുകയായിരുന്നു. നിലവിൽ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണ് ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിലുള്ളത്.
സർക്കാർ ഏറ്റെടുത്ത ഭൂമിയിൽനിന്ന് മരം കാണാതാവുന്നതായ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരന്വേഷണവും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അവശേഷിച്ച വൻ മരങ്ങളിൽ ചിലത് ഇപ്പോഴും വെള്ളത്തിൽ മുങ്ങി കാലപ്പഴക്കത്തിൽ നശിക്കുകയാണ്. നൂറുകണക്കിന് വൻ മരങ്ങൾ വിവിധ ഭാഗങ്ങളിലായി മറിഞ്ഞുവീണ് ചിതലരിച്ച് നശിക്കുന്നുമുണ്ട്. അവശേഷിക്കുന്ന മരങ്ങൾ ഉപയോഗപ്പെടുത്താനും നടപടിയില്ല. ലേലം ചെയ്ത് വിറ്റാൽ സർക്കാറിലേക്ക് ലക്ഷങ്ങൾ ലഭിക്കുമെങ്കിലും നടപടിയുണ്ടായിട്ടില്ല.