വെള്ളമുണ്ടയിലെ തോൽവി; അഞ്ചു ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsവെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ ഉരുക്കുകോട്ടയായ വെള്ളമുണ്ടയിൽ പാർട്ടിക്കേറ്റ കനത്ത തോൽവിക്കു പിന്നാലെ നേതാക്കൾക്കെതിരെ നടപടി. അഞ്ച് പ്രാദേശിക നേതാക്കളെ സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകരായ കോയ നൗഷാദ്, സി. യൂസഫ്, എം.സി. ഇബ്രാഹിം, കെ.സി. ആലി, ജലീൽ മുതിര എന്നിവരെ അച്ചടക്കം ലംഘിച്ചതിെൻറ പേരിൽ സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി പി.കെ. അമീൻ പറഞ്ഞു. എന്നാൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനവും വിവാദത്തിനിടയാക്കി.
ശാഖ കമ്മിറ്റികൾ അറിയാതെയാണ് മേൽഘടകം നടപടിക്ക് ശിപാർശ ചെയ്തതെന്നാണ് ഒരു വിഭാഗത്തിെൻറ പരാതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടക്കലംഘനത്തിന് നടപടിയെടുക്കാൻ ശാഖ കമ്മിറ്റി ചേർന്ന് തീരുമാനം കൈക്കൊള്ളേണ്ടതില്ലെന്നും പഞ്ചായത്ത്് തെരഞ്ഞെടുപ്പു കമ്മിറ്റിക്ക് ശിപാർശ ചെയ്യാൻ അധികാരമുണ്ടെന്നുമാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പറയുന്നത്.
തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രാദേശിക നേതൃത്വങ്ങളിൽ പലരും പരസ്യമായി രംഗത്തുണ്ട്.
തരുവണയിലും മുന്നണിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. 2015ലെ തെരഞ്ഞെടുപ്പു ഫലവുമായുള്ള താരതമ്യത്തിൽ 35 വർഷമായി കൂടെ നിന്ന വാർഡുകളാണ് ഇത്തവണ ലീഗിന് നഷ്ടപ്പെട്ടത്. തരുവണ, എട്ടേനാൽ, കണ്ടത്തുവയൽ, വെള്ളമുണ്ട, പഴഞ്ചന വാർഡുകളിലെ തോൽവി സംസ്ഥാന തലത്തിൽതന്നെ ചർച്ചക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ കൂടെ നിന്ന എട്ട് വാർഡുകൾ നഷ്ടപ്പെട്ടത് ചില നേതാക്കളുടെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്ന് മുന്നണിക്കകത്തെ പ്രമുഖ നേതാക്കൾ തന്നെ പറയുന്നു.
അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉപയോഗിക്കുന്നതിൽ യു.ഡി.എഫിന് സമ്പൂർണ തോൽവിയാണുണ്ടായത്.
മോശമായ ഇലക്ഷൻ മാനേജ്മെൻറും അപക്വമായ പ്രവർത്തനരീതികളും ഘടകകക്ഷികളെ കൂെട നിർത്തുന്നതിലുള്ള കഴിവുകേടും യു.ഡി.എഫിനെ തോൽപിച്ചു എന്നാണ് ആക്ഷേപം.
വലിയ തോതിലുള്ള വോട്ട് ചോർച്ചയാണ് ഒന്ന് മുതൽ എട്ട് വരെയുള്ള വാർഡുകളിൽ മുസ്ലിം ലീഗിന് ഉണ്ടായത്.