വെള്ളമുണ്ട ഹൈസ്കൂൾ കെട്ടിട നിർമാണം: അന്വേഷണം വഴിതിരിക്കുന്നതായി പരാതി
text_fieldsവെള്ളമുണ്ട ഹൈസ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടം
വെള്ളമുണ്ട: മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂൾ കെട്ടിടം നിർമിച്ചെന്ന പരാതിയിലെ അന്വേഷണം വഴിതിരിച്ചുവിടുന്നതായി ആക്ഷേപം. വെള്ളമുണ്ട ഹൈസ്കൂളിെൻറ സ്ഥലത്ത് നിർമിക്കുന്ന പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട പരാതിയാണ് വിദ്യാർഥികളുടെ സുരക്ഷയെ പരിഗണിക്കാതെ സ്ഥലം കൈയേറ്റത്തിലേക്ക് വഴിമാറിയതായി ആരോപണമുയർന്നിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെയും ഹൈകോടതി ഇടപെടലിനെയും തുടർന്ന് കഴിഞ്ഞ ദിവസം കലക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.
വെള്ളമുണ്ട എ.യു.പി സ്കൂൾ കെട്ടിടേത്താട് ചേർന്ന് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് കെട്ടിടം പണിയുന്നതെന്നാണ് പരാതി. കഴിഞ്ഞ വർഷത്തെ മഴയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മതിയായ അകലം പാലിക്കാതെയാണ് മൂന്നുനില കെട്ടിടം പണിയുന്നത്. ഇതു രണ്ടു സ്കൂളുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാകും എന്നാണ് നാട്ടുകാരുടെ പരാതി.
കിഫ്ബി ഫണ്ടിൽനിന്ന് മൂന്നു കോടി വകയിരുത്തി നിർമിക്കുന്ന കെട്ടിടത്തിന് അനുമതി ഒരു വകുപ്പിൽനിന്നും വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് തുടങ്ങി ഒരു വകുപ്പിെൻറയും അനുമതി കിട്ടിയതായി മറുപടിയില്ല. പുതിയ കെട്ടിടത്തിൽനിന്നുള്ള ജലം കുത്തനെ യു.പി സ്കൂളിെൻറ ക്ലാസ് റൂമിനരികിലേക്കാണ് പതിക്കുക.
രണ്ടു കെട്ടിടങ്ങൾക്കിടയിൽ കുത്തനെയുള്ള ഭാഗത്ത് വ്യാപകമായി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു.
അവിടെയാണ് നിയമപ്രകാരമുള്ള ഒരനുമതിയും വാങ്ങാതെ കെട്ടിടം നിർമിക്കുന്നത്. ശക്തമായ മഴ പെയ്ത് ഒരിക്കൽക്കൂടി മണ്ണിടിച്ചിൽ ഉണ്ടായാൽ ഇരുവിദ്യാലയത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനുതന്നെ ഭീഷണിയാകും. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷ ചർച്ച ചെയ്യുന്നതിനു പകരം കെട്ടിടം നിർമിച്ച സ്ഥലത്തിെൻറ രേഖകൾ പരിശോധിക്കാനാണത്രെ നീക്കം.