ഡി.സി.സി പ്രസിഡന്റ് ഗ്രൂപ് കളിക്കുന്നെന്ന്; വെള്ളമുണ്ടയിൽ കോൺഗ്രസ് നേതൃത്വം കൂട്ടത്തോടെ മാറിനിൽക്കുന്നു
text_fieldsവെള്ളമുണ്ട: ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഗ്രൂപ് കളിക്കുകയാണെന്ന വിമർശനവുമായി വെള്ളമുണ്ടയിൽ കോൺഗ്രസ് നേതാക്കൾ. ഡി.സി.സി പ്രസിഡന്റിെൻറ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം കൂട്ടത്തോടെ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുന്നു. മണ്ഡലം പ്രസിഡൻറ് സി. വിനോദിനെ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരും നേതാക്കളും പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഐ ഗ്രൂപ്പിന് ആധിപത്യമുള്ള വെള്ളമുണ്ടയിൽ ഡി.സി.സി പ്രസിഡന്റിെൻറ നേതൃത്വത്തിൽ എ ഗ്രൂപ് പിടിമുറുക്കാൻ ശ്രമിക്കുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
വെള്ളമുണ്ടയിലെ 27 ബൂത്ത് പ്രസിഡന്റുമാരിൽ 21 പേരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവർ ഒപ്പിട്ട് കെ.പി.സി.സിക്ക് പരാതി നൽകിയതായാണ് സൂചന. മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റടക്കം വെള്ളമുണ്ടയിലെ പ്രധാന നേതാക്കളെല്ലാം ഡി.സി.സി പ്രസിഡന്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിൽക്കുന്നതും നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. 21 വാർഡ് പ്രസിഡന്റുമാരിൽ 15 പേരും നിലവിലെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് രംഗത്തുണ്ട്. പ്രതിഷേധം ശക്തമായതോടെ കിട്ടാവുന്നവരെ കൂട്ടി മണ്ഡലം കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെ മാറിനിന്നതോടെ പ്രതിസന്ധിയിലായ ജില്ല നേതൃത്വം സന്ധിസംഭാഷണത്തിന് ശ്രമിക്കുകയാണ്. ഇതിെൻറ ഭാഗമായി വിട്ടുനിൽക്കുന്ന നേതാക്കളെ ചർച്ചക്ക് വിളിച്ചെങ്കിലും മറുപടി നൽകിയിട്ടില്ലെന്നാണ് അറിവ്.
മാനന്തവാടിയിൽ യൂത്ത് കോൺഗ്രസിനകത്തും പ്രതിഷേധം ഉയർന്നിരുന്നു. പരസ്യമായി പ്രതികരിച്ച എടവക, വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരെ ചുമതലകളിൽനിന്നും പുറത്താക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ജെ. ജോസ്, ജനറൽ സെക്രട്ടറിമാരായ കെ. ഷറഫലി, സനീഷ് എന്നിവർ രാജിവെച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് മാനന്തവാടി നിയോജക മണ്ഡലം ജന. സെക്രട്ടറി വിജിതയെ പ്രസംഗത്തിനിടയിൽ അപമാനിച്ചതായ പരാതിയെ തുടർന്നാണ് യൂത്ത് കോൺഗ്രസിലെയും വെള്ളമുണ്ട കോൺഗ്രസിലെയും പൊട്ടിത്തെറി മറനീക്കി പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എൻ.ഡി. അപ്പച്ചനെതിരെ നടപടിയെടുക്കണം എന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. പാർട്ടി ഇത് നിരസിക്കുകയും പ്രസ്താവനയിറക്കിയവരെ പുറത്താക്കുകയും ചെയ്തതോടെ കൂടുതൽ പേർ പരസ്യ പ്രസ്താവനയുമായി രംഗത്തിറങ്ങിയതും നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

