കനത്ത മഴയിലും പ്രതീക്ഷിച്ച ജലനിരപ്പ് ഉയരാതെ ബാണാസുര സാഗർ ഡാം
text_fieldsബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശം
വെള്ളമുണ്ട: മുൻ വർഷങ്ങളെ അപേക്ഷിച്ച്, കനത്ത മഴയിലും പ്രതീക്ഷിച്ച ജലനിരപ്പുയരാതെ ബാണാസുര സാഗർ ഡാം. കർക്കടക മാസമാകാറായിട്ടും റിസർവോയറിൽ ജലനിരപ്പ് താഴ്ന്നു കിടക്കുകയാണ്. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജലനിരപ്പ് അൽപം ഉയർന്നിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വെള്ളം എത്തിയിട്ടില്ല. ആറു മീറ്റർ ജലം കൂടി പൊങ്ങാനുണ്ടെന്ന് അധികൃതർ പറഞ്ഞു.
മുൻവർഷങ്ങളിൽ ഇതേ ദിവസങ്ങളിൽ ജലം കൂടുതൽ ഉയർന്നിരുന്നു. കനത്ത മഴ തുടരുന്നതിനാൽ നിരീക്ഷണവും മറ്റ് ഒരുക്കവും ആരംഭിച്ചു. മഴ ഇതേ രീതിയിൽ തുടർന്നാലും അടുത്ത ദിവസങ്ങളിലൊന്നും ഷട്ടർ തുറക്കേണ്ട അവസ്ഥ വരില്ല. മുൻ വർഷങ്ങളിൽ ഷട്ടർ തുറന്നതും അതേ തുടർന്നുണ്ടായ വെള്ളപ്പൊക്കവും വലിയ വിവാദത്തിനിടയാക്കിയിരുന്നു. അഞ്ച് കിലോമീറ്റർ പരിധിയിൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ അടക്കം മുമ്പുതന്നെ സ്ഥാപിച്ചിട്ടുണ്ട്.
കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയിലേക്കാണ് ബാണാസുര സാഗറിൽ നിന്ന് ജലം തുറന്നു വിടുന്നത്. വേനൽ കാലത്ത് വരണ്ടുണങ്ങിയ വൃഷ്ടി പ്രദേശങ്ങളിൽ ജലം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. 20ഓളം കുന്നുകൾക്ക് താഴെ പരന്നുകിടക്കുകയാണ് ജലാശയം. ആർത്തു പെയ്തിറങ്ങുന്ന മഴ ദിവസങ്ങൾ കൊണ്ട് തന്നെ അണക്കെട്ടിനെ സമൃദ്ധമാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.