നിയമന വിവാദം; വെള്ളമുണ്ട എ.യു.പിയിൽ പരിശോധന
text_fieldsവെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് വ്യാഴാഴ്ച ഡി.ഡി.ഇക്ക് കൈമാറും. മാനന്തവാടി എ.ഇ.ഒ ഓഫിസിലും തരുവണ ജി.യു.പിയിലും വെള്ളമുണ്ട എ.യു.പി സ്‌കൂളിലുമാണ് അന്വേഷണ സംഘം രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്.
ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ അഡ്മിഷൻ രക്ഷിതാവറിയാതെ വെള്ളമുണ്ട എ.യു.പി യിലെത്തിയത് അടക്കമുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്. സി.പി.എം ജില്ല നേതാവിന്റെ മകന്റെ നിയമനവുമായി ഉയർന്ന വിവാദത്തെ തുടർന്നായിരുന്നു പരിശോധന. നാലു കി.മീ. ദൂരത്തിലുള്ള തരുവണ സർക്കാർ വിദ്യാലയത്തിൽനിന്നടക്കം രാത്രി ടി.സി വാങ്ങി പുതിയ തസ്തിക ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയുയർന്നിരുന്നു. സ്കൂളിലെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിച്ചു.
ഒരു കുട്ടിക്ക് രണ്ട് വിദ്യാലയത്തിലേക്ക് ടി.സി വന്നത് എങ്ങനെ എന്ന സംശയം പരിശോധനയിൽ വന്നിട്ടുണ്ടെന്നാണ് സൂചന. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസര്‍ കെ.സി. രജിത, സീനിയര്‍ സൂപ്രണ്ട് പി. സുരേഷ് ബാബു, ജൂനിയര്‍ സൂപ്രണ്ട് അനൂപ് രാഘവന്‍, സീനിയര്‍ ക്ലര്‍ക്ക് ജിൽസി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെള്ളമുണ്ട എ.യു.പി സ്കൂളിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.