വാഹന വായ്പ തട്ടിപ്പ്: സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം
text_fieldsകല്പറ്റ: സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയ വാഹന വായ്പ തട്ടിപ്പ് സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ഒട്ടോ-ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിലടക്കം നിരവധിയാളുകളാണ് തട്ടിപ്പിന് ഇരകളായത്. ടാക്സി തൊഴിലാളികളും മറ്റും സ്വന്തം വായ്പക്കും ജാമ്യ ആവശ്യത്തിനും നല്കിയ വ്യക്തിഗത രേഖകള്‍ ദുരുപയോഗം ചെയ്താണ് ശ്രീറാം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനം വ്യാജ വായ്പകള്‍ അനുവദിച്ചതെന്ന് ഇവർ പറഞ്ഞു. തട്ടിപ്പ് ഇരകള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതിനാല്‍ മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭിക്കുന്നില്ല. വായ്പക്ക് മറ്റ് സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പലരുടെയും ശ്രദ്ധയില്‍പ്പെട്ടത്.
പരാതിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സമീപിച്ചവര്‍ക്ക് സോഫ്റ്റ്വെയര് തകരാറാണെന്നും പരിഹരിക്കുമെന്നുമാണ് മറുപടി ലഭിച്ചത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നം തുടരുകയാണ്. ധനകാര്യ സ്ഥാപനത്തിന്റെ വഞ്ചനയ്ക്കെതിരേ നല്കുന്ന പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. വായ്പ തട്ടിപ്പിനുനേരെ അധികാരികള്‍ കണ്ണടച്ചാല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. സ്ഥാപനത്തിന്റെ ജില്ലയിലെ ഒരു ബ്രാഞ്ചും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി കെ. സുഗതന്, പ്രസിഡന്റ് കെ.എം. ബിജു, വൈസ് പ്രസിഡന്റ് പി.കെ. അസീസ്, സെക്രട്ടറി കെ. ജയരാജന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശ്രീറാം ഫിനാൻസിന് മുന്നിൽ പ്രതിഷേധം
സുൽത്താൻ ബത്തേരി: എടുക്കാത്ത ലോണിന്റെ പേരിൽ സാധാരണക്കാരെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ശ്രീരാം ഫിനാൻസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോർച്ച സുൽത്താൻ ബത്തേരിയിലെ ശ്രീരാം ഫിനാൻസിന് മുന്നിൽ ഉപരോധ സമരം നടത്തി. മണ്ഡലം പ്രസിഡൻ്റ് എ.എസ്. കവിത ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദിനേഷ് കുമാർ, ഷാഖിൽ ഷാജി, യദു കൃഷ്ണൻ, മഞ്ജുനാഥ്, പ്രദീപ് അമ്പലവയൽ, ഷനീഷ് റഹ്മാൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

