വാര്യാട്ടെ വാഹനാപകട മരണം; ഓട്ടോ ഡ്രൈവർ ഷരീഫിന്റെ വീട്ടിലെത്തി രാഹുൽ ഗാന്ധി
text_fieldsവാര്യാട്ടെ വാഹനാപകടത്തിൽ മരിച്ച ഷരീഫിന്റെ വീട്ടിലെത്തിയ
രാഹുൽ ഗാന്ധി കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
മുട്ടിൽ: കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ മുട്ടിൽ വാര്യാടുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽവളപ്പിൽ ഷരീഫിന്റെയും ചുള്ളിമൂല കൈപ്പ കോളനിയിലെ അമ്മിണിയുടെയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ചുള്ളിമൂല കൈപ്പ കോളനിയിലെ ശാരദയുടെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്ച രാവിലെ എടപ്പെട്ടിയിലെ ഷരീഫിന്റെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളുമായി രാഹുൽ ഗാന്ധി എം.പി സംസാരിച്ചത്.
ഷരീഫിന്റെ മാതാവ് ആയിഷ, ഭാര്യ നിഷിത, മകൾ അനീസ, സഹോദരങ്ങൾ തുടങ്ങിയവരുമായി എം.പി സംസാരിച്ചു. അപകടത്തിൽ മരിച്ച അമ്മിണിയുടെ ഭർത്താവ് ചാമൻ, മകൻ ശിവൻ, മരുമകൾ വസന്ത മറ്റ് കുടുംബാംഗങ്ങൾ, പരിക്കേറ്റ് സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള ശാരദയുടെ ഭർത്താവ് ബാലൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ഷരീഫിന്റെ വീട്ടിലെത്തിയിരുന്നു.
മൂന്നു കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. അപകടത്തിൽ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലുള്ള ശാരദയുടെ ചികിത്സ വിവരങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെങ്കിലും ശാരദയുടെ ബോധം വീണ്ടെടുക്കാനായിട്ടില്ല.
ബോധം തിരിച്ചുകിട്ടിയാലേ ശസ്ത്രക്രിയ ചെയ്യാനാകൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് വാര്യാടുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ ഷരീഫും അമ്മിണിയും മരിച്ചത്. ഇടവഴിയിൽനിന്നും ദേശീയപാതയിലേക്ക് അശ്രദ്ധമായി കയറുകയായിരുന്ന കാറിലിടിച്ച് വട്ടം കറങ്ങിയ ഓട്ടോറിക്ഷ എതിർദിശയിൽനിന്നുവന്ന കെ.എസ്.ആർ.ടി.സി ബസിലിടിക്കുകയായിരുന്നു.
2021 ഏപ്രിലിൽ രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തിയപ്പോൾ ഷരീഫിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. അപകടം നടന്ന സമയത്ത് രാഹുൽ ഗാന്ധി എം.പി അനുശോചനം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

