അശാസ്ത്രീയ റോഡ് നവീകരണം; മൊക്കുമ്മൽ കയറ്റം കയറാനാവാതെ ഭാരവാഹനങ്ങൾ
text_fieldsആറാം മൈൽ മൊക്കുമ്മൽ കയറ്റത്തിൽ കുടുങ്ങിയ ടോറസ് ലോറി
കെല്ലൂർ: കോടികൾ മുടക്കി പുതുക്കി പണിതിട്ടും സംസ്ഥാന പാതയിൽ കയറ്റം കയറാനാവാതെ വാഹനങ്ങൾ. കയറ്റത്തിൽ വാഹനം നിന്നുപോകുന്നതു കാരണം നിരവധി അപകടങ്ങൾക്കിടയാക്കിയ ആറാം മൈൽ മൊക്കുമ്മൽ കയറ്റമാണ് ഇപ്പോഴും പഴയപടിയിലുള്ളത്. നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് റോഡിന്റെ കയറ്റം കുറച്ചെന്നാണ് അധികൃതരുടെ അവകാശവാദം. അശാസ്ത്രീയമായാണ് പുതുക്കിപണിയൽ നടത്തിയതെന്നാണ് നാട്ടുകാരുടെ പരാതി. ഭാരം കയറ്റിവരുന്ന വാഹനങ്ങൾ ഇപ്പോഴും കയറ്റം കയറാനാകാതെ പ്രയാസപ്പെടുകയാണ്. പലതും ഇടക്കു നിന്നുപോകുന്നു.
അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഖജനാവിലെ കോടികൾ പോയി എന്നതല്ലാതെ റോഡുപണി കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. രണ്ടു വർഷത്തിലേറെ റോഡുപണി നീണ്ടതിനാൽ നാട്ടുകാരും സമീപത്തെ വീട്ടുകാരും പൊടി ശല്യമടക്കം ഏറെ ബുദ്ധിമുട്ടാണ് സഹിച്ചത്. റോഡ് വീതി കൂട്ടാനും കയറ്റം കുറക്കാനുമായി ഇവിടെയുള്ള മഖാമിന്റെ മുൻ വശം പൊളിക്കാൻ ആറാം മൈൽ മഹല്ല് കമ്മിറ്റി സഹകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോഡുമായി വന്ന ലോറി രണ്ടു ദിവസമാണ് കയറ്റം കയറാനാവാതെ മൊക്കുമ്മൽ കയറ്റത്തിൽ കുടുങ്ങിപ്പോയത്. തുടർന്ന് പ്രദേശത്ത് രണ്ടു ദിവസവും ഗതാഗത കുരുക്കുണ്ടായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വാഹനം മുകളിലേക്ക് കയറ്റിയത്.
പണി തീർന്നതിന് ശേഷം കയറ്റം കയറാനാവാതെ ഒട്ടേറെ വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങുക പതിവാണ്. അറ്റകുറ്റപണിയിൽ നടന്ന അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കടക്കം സുഗമമായി കടന്നുപോകുന്ന തരത്തിൽ റോഡ് നന്നാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

