കാലിക്കറ്റ് സർവകലാശാല മുട്ടിൽ പഠനകേന്ദ്രം നിലനിര്‍ത്തും
text_fieldsഅഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍
എം.കെ. ജയരാജുമായി ചർച്ച നടത്തുന്നു
കല്പറ്റ: കാലിക്കറ്റ് സർവകലാശാലക്കു കീഴില്‍ മുട്ടിലില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി (സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) പേരാമ്പ്രയിലെ പ്രദേശിക പഠന കേന്ദ്രത്തിൽ ലയിപ്പിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുന്നു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് വൈസ് ചാന്‍സലര്‍ എം.കെ. ജയരാജുമായും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
സെന്റർ ഒരു കാരണവശാലും മാറ്റരുതെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. തുടർന്നാണ് മേപ്പാടി പഞ്ചായത്ത് അനുവദിച്ചു നല്കിയ കുന്നമ്പറ്റയിലെ ഒരു ഏക്കര്‍ 15 സെന്റ് സ്ഥലത്ത് സ്ഥിരം കെട്ടിടം നിര്‍മാണം തുടങ്ങുന്നതുവരെ മുട്ടിലില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന താൽക്കാലിക കെട്ടിടത്തില്‍തന്നെ തുടരുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയത്. സർവകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വയനാട്ടില്‍ ആരംഭിക്കുവാനുള്ള തുടര്‍ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു.
മുട്ടിലിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവ് മറയാക്കിയാണ് കേന്ദ്രം മാറ്റാനുള്ള നടപടികളിലേക്ക് സർവകലാശാല സിൻഡിക്കേറ്റ് കടന്നിരുന്നത്. വയനാട്ടിലെ വിദ്യാർഥികളുടെ ഉന്നതപഠനം ലക്ഷ്യമിട്ട് സർവകലാശാല 24 വർഷം മുമ്പ് അനുവദിച്ച പഠനകേന്ദ്രമാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ ശ്രമിച്ചത്.
പഠനകേന്ദ്രം മാറ്റിയാൽ നിലവിൽ ഇവിടെ പഠിക്കുന്നവർക്കും വരും വർഷങ്ങളിൽ ഉന്നത പഠനം ലക്ഷ്യമിടുന്ന വയനാട്ടുകാർക്കും തിരിച്ചടിയാവുമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മേപ്പാടി പഞ്ചായത്തിൽ സർവകലാശാലയുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം പുതുതലമുറ പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ആരംഭിക്കാൻ 2021 ഡിസംബർ 30ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായിരുന്നു. തുടർന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് കുന്നമ്പറ്റയിൽ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്. ഇന്നലെ നടന്ന ചർച്ചയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. സ്ഥലം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ എം.എൽ.എ ഫണ്ട് അടക്കം ഉപയോഗിച്ച് നിർമാണ പ്രവൃത്തികൾ തുടങ്ങാൻ കഴിയും. സെന്റർ യാഥാർഥ്യമായാൽ മുട്ടിലില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രത്തിന് മേപ്പാടിയില്‍ സ്വന്തം കെട്ടിടവുമാകും. നിലവിലുള്ള കോഴ്സുകള്‍ക്ക് പുറമെ പുതിയവ കൂടി ഇവിടെ ആരംഭിക്കാൻ കഴിയുമെന്നതിനാൽ ചുരമിറങ്ങാതെ ജില്ലയിലെ വിദ്യാർഥികൾക്ക് ഉന്നത പഠനം സാധ്യമാവുമെന്നാണ് പ്രതീക്ഷ.
സർവകലാശാല ആസ്ഥാനത്ത് നടന്ന ചർച്ചയില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് രാജു ഹെജമാഡി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് പി.പി. അബ്ദുൽ അസീസ്, എസ്.ഡി.ഇ കോഓഡിനേറ്റര്‍ പി. കബീര്‍, പഞ്ചായത്തംഗം ബി. നാസര്‍ തുടങ്ങിയവരും എം.എൽ.എയോടൊപ്പം സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

